നീ എത്രയോ സുന്ദരിയാണ്, ഞാന്‍ നിന്നെ എപ്പോഴും നോക്കിയിരിക്കാറുണ്ട്, അന്ന ബെന്നിനോട് ഐശ്വര്യ ലക്ഷ്മി

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ കുറിച്ച് അന്ന ബെന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ വളര്‍ത്തുന്നതെന്നായിരുന്നു അന്ന പറഞ്ഞത്. ഇതിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അന്ന ബെന്നിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഐശ്വര്യ ലക്ഷ്മി കമന്റ് ചെയ്താണ് തന്റെ പിന്തുണ അറിയിച്ചത്.

നീ എത്രയോ സുന്ദരിയാണ്. ഞാന്‍ നിന്നെ എപ്പോഴും നോക്കിയിരിക്കാറുണ്ട്. അക്കാര്യം ഇപ്പോള്‍ പരസ്യമാക്കുകയാണ്, എന്ന രസകരമായ മറുപടിയുമായാണ് ഐശ്വര്യ ലക്ഷ്മി നല്‍കിയത്.

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് അന്ന ബെന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുണ്ടാക്കുന്ന കമ്പനികളെ കുറിച്ചും മേക്കപ്പിനെ കുറിച്ചും തുറന്ന് പറഞ്ഞത്.

തന്നെയും തന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തുവെന്നും ഏറെ കരുത്ത് വേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു ഇത്. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് തോന്നുന്ന ഇഷ്ടമില്ലായ്മയില്‍ നിന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്തും അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍. അത്തരം കമ്പനികള്‍ യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പങ്ങളാണ് വളര്‍ത്തുന്നത്.- എന്നായിരുന്നു അന്ന ബെന്‍ പറഞ്ഞത്.