അംഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നത്, പാര്‍വതിക്ക് മറുപടിയുമായി അജു വര്‍ഗീസ്

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കിയെന്ന് ആരോപിച്ച് വന്‍ വിവാദം ഉയര്‍ന്നിരുന്നു,. നടി പാര്‍വതി തിരുവോത്തും സ്ത്രീകളുടെ സാന്നിധ്യം ചൂണ്ടി കാട്ടിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ഉദ്ഘാടന വേദിയില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കിയിട്ടില്ലെന്ന് അജു പറയുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആരും വേദിയില്‍ ഇരുന്നിട്ടില്ല. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അംഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും അജു വര്‍ഗീസ് ഒരു മാധ്യമത്തോട് പറഞ്ഞു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പരാമര്‍ശത്തിനും അജു വര്‍ഗീസ് മറുപടി നല്‍കി. അപൊളിറ്റിക്കല്‍ ആവുക എന്നത് നാണക്കേടാണെന്ന് ചിലര്‍ പറയുന്നു. അത് ഓരോരുത്തരുടെയും സൗകര്യമാണ്. തന്റെ സൗകര്യം അപൊളിറ്റിക്കലാവുക എന്നതാണെന്നും അജു വര്‍ഗീസ് പാര്‍വതിക്ക് മറുപടി നല്‍കി. അപൊളിറ്റക്കലാകുന്നവര്‍ അടിച്ചമര്‍ത്തുന്നവരുടെ ഒപ്പമാണെന്ന് പാര്‍വതി പറഞ്ഞിരുന്നു.

നേരത്ത് സംഭവത്തില്‍ പാര്‍വതി പറഞ്ഞത് ഇങ്ങനെ, ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയെന്നാണ് പാര്‍വതി പറഞ്ഞത്. ഇപ്പോഴത്തെ കാര്‍ഷിക നിയമം മാറ്റണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും പാര്‍വതി പറഞ്ഞിരുന്നു.