എകെജി സെന്ററിന് നേരെയെറിഞ്ഞത് ബോംബല്ല പടക്കമാണെന്ന് ഫൊറന്‍സിക് വിഭാഗത്തിന്റെ നിഗമനം

തിരുനന്തപുരം/ എകെജി സെന്ററിന് നേരെയെറിഞ്ഞ സ്‌ഫോടക വസ്തു ഏറുപടക്കത്തിന്റെ സ്വഭാവമുള്ളത് മാത്രമാണെന്ന് ഫൊറന്‍സിക് വിഭാഗത്തിന്റെ നിഗമനം. എകെജി സെന്ററില്‍ നിന്ന് ശേഖരിച്ച രാസവസ്തുക്കളുടെ പരിശോധനയിലാണ് വീര്യം കുറഞ്ഞ സ്‌ഫോടകവസ്തുവാണെന്ന നിഗമനത്തിലേക്ക് ഫൊറന്‍സിക് വിഭാഗം എത്തിയത്.

വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളായ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗഡര്‍ എന്നിവയാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. സ്‌ഫോടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തുക്കളും സംഭവസ്ഥലത്ത് നിന്നും ഫൊറന്‍സിക് വിഭാഗത്തിന് ലഭിച്ചില്ല.

ഡിറ്റനേറ്ററിന്റെ സഹായത്തോടെയാണ് ബോംബ് സ്‌ഫോടനം നടക്കുക. എന്നാല്‍ ഇവിടെ അക്രമി സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. ശേഖരിച്ച രാസവസ്തുക്കള്‍ പരിശോധനയ്ക്കായി കോടതി മുഖേന ഫൊറന്‍സിക് സയന്‍സ് ലാബിന് കൈമാറി. ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കും. സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെതായിരുന്നു പ്രാഥമിക പരിശോധന.