ഇത്രയേറെ സ്‌നേഹിച്ച ജനനേതാവ് വേറെയില്ല, ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച്‌ സംവിധായകൻ അഖിൽ മാരാർ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച്‌ സംവിധായകൻ അഖിൽ മാരാർ. താൻ ഇത്രയേറെ സ്‌നേഹിച്ചതും ആരാധിച്ചതുമായ ഒരു ജന നേതാവ് വേറെയില്ലെന്ന് അദ്ദേഹം പറയുന്നു. ഞാൻ ഇത്രയേറെ സ്‌നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല.. ജനങ്ങളെ ഇത്രയേറെ സ്‌നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല… കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ…

നേരിന്ന് നേരായ നേർ വഴി കാട്ടിയോൻ ശക്തിയായ് സത്യത്തെ സഹചാരിയാക്കിയോൻ ഒപ്പം നടന്നവർ കൂടെ ചിരിച്ചവർ ഒറ്റപ്പെടുത്താൻ ശ്രമിച്ച നാളിൽ ആരോപണത്തിന്റെ കൂരമ്പുകൾ , കൊണ്ട് വില്ല് കുലച്ചു നിന്ന നാളിൽ മന്ദ ഹാസത്താൽ കൂരമ്പ മാലയെ പൂമാല പൊന്മാലയാക്കി കുഞ്ഞൂഞ്ഞ്. വിടയെന്നാണ് അഖിൽ മാരാർ കുറിച്ചത്

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ബെംഗളൂരുവിൽ നിന്ന് എയർആംബുലൻസിൽ തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും സെക്രട്ടേറിയറ്റിലും പൊതുദർശനമുണ്ടാകുമെന്നാണ് വിവരം. തുടർന്ന് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്‌സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും.

നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര കോട്ടയത്തേക്ക്. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.