യുഎപിഎ കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചു, അലൻ ഷുഹൈബിനെതിരെ പൊലീസ്

പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ അലൻ ഷുഹൈബിനെതിരെ പന്നിയങ്കര പൊലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്. ജാമ്യത്തിലുള്ള അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് റിപ്പോർട്ട്. പൊലീസ് റിപ്പോർട്ട് കൊച്ചി എൻഐഎ കോടതിക്ക് കൈമാറി.കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികളും മറ്റൊരു വിഭാഗം വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെ എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ അലൻ ഷുഹൈബിനെതിരെ ധർമ്മടം പൊലീസ് കേസെടുത്തു. ഈ കേസിൻറെ അടിസ്ഥാനത്തിലാണ് അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോർട്ട് പന്നിയങ്കര സ്റ്റേഷൻ ഓഫീസർ ശംഭുനാഥ് എൻഐഎ കോടതിക്ക് കൈമാറിയത്.

യുഎപിഎ കേസിൽ ജാമ്യത്തിലുള്ള അലൻ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല പന്നിയങ്കര സ്റ്റേഷൻ ഓഫീസർക്കാണ്. മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന ജാമ്യവ്യവസ്ഥ അലൻ ലംഘിച്ചു എന്ന റിപ്പോർട്ടാണ് പൊലീസ് ഇൻസ്പെക്ടർ കോടതിയിൽ നൽകിയത്.

2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേർക്കുമെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് യുഎപിഎ ചുമത്തിയിരുന്നത്.