കമാലുദ്ദീന്‍ വെട്ടിനിരത്തിയവരില്‍ സുരേഷ് ഗോപി- സലിംകുമാര്‍ തുടങ്ങിയ പ്രമുഖര്‍; രൂക്ഷ വിമര്‍ശനവുമായി ആലപ്പി അഷ്‌റഫ്‌

കമാലുദ്ദീന്‍ വെട്ടിനിരത്തിയവരില്‍ സുരേഷ് ഗോപി, സലിംകുമാര്‍, തുടങ്ങിയ പ്രമുഖര്‍, കമല്‍ എന്ന കമാലുദ്ദീന്‍ പൂണ്ട് വിളയാടട്ടെ, ആലപ്പി അഷ്റഫിന്റെ കുറിപ്പ്. ഐഎഫ്‌എഫ്‌കെ കൊച്ചി എഡിഷന്റെ ഉദ്ഘാടനച്ചടങ്ങില്‍ നടന്‍ സലിം കുമാര്‍, സുരേഷ് ഗോപി, സംവിധായകന്മാരായ ഷാജി എന്‍ കരുണ്‍, സലിം അഹമ്മദ് എന്നിവരെ ഒഴിവാക്കിയതിനെ നിശിതമായി വിമര്‍ശിച്ചാണ് സംവിധായകന്‍ ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കമല്‍ ഒരു കറുത്ത അദ്ധ്യായം എന്ന തലക്കെട്ടിലുളള പോസ്റ്റില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെ കണക്കിന് പരിഹസിക്കുന്നുമുണ്ട്.

രാഷ്ട്രീയം നോക്കി സലിംകുമാറിനെയും വ്യക്തിവിരോധത്താല്‍ ഷാജി എന്‍ കരുണിനെയും, ഈഗോകൊണ്ട് സലിം അഹമ്മദിനേയും ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്നും കമലിനെ കേരളം മറക്കില്ല , അത് ദാസ്യവേലയുടെ പേരിലായിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കമല്‍ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാര്‍, വ്യക്തി വിരോധത്താല്‍ ഷാജി.എന്‍ കരുണ്‍, ഈഗോ കൊണ്ട് സലിം അഹമ്മദ്, കൂടാതെ നാഷ്ണല്‍ അവാര്‍ഡ് വാങ്ങിയ സിനിമാക്കാരുടെയിടയിലെ ഒരേ ഒരു എംപിയുമായ സുരേഷ് ഗോപി, ( കമല്‍ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത് ) ഇവരെയൊക്കെ മാറ്റി നിര്‍ത്തി കമാലുദ്ദീന്‍ പൂണ്ട് വിളയാടുകയാണ്. IFFK യുടെ ഇടത്പക്ഷ സംസ്‌കാരം നിലനിര്‍ത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ….? ഒരു കലാകാരന്‍ ഇങ്ങിനെയാണോ പെരുമാറേണ്ടത്…? കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..?

ഇങ്ങേര് കാണിക്കുന്ന പ്രവര്‍ത്തികള്‍ കാണുമ്ബോള്‍ ഈ മനഷ്യന്റെ മാനസികനില കൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമ്ബോള്‍ , ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയ വൈരം സിനിമ അക്കാദമി ഉപയോഗിച്ചു നടപ്പിലാക്കുന്നത് അനുവദിച്ചുകൂടാ. ഇവിടെ നിങ്ങളോടൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷം സാംസ്‌ക്കാരിക നായകര്‍ക്കും ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്‍കിയതല്ലെന്ന് ഓര്‍ക്കണം.

ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാര്‍,അവരൊക്കെ നാടിന്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിര്‍ത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല. ഒരാള്‍ കലാകാരനായി അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമല്‍ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാര്‍ ചിന്തിച്ചിരുന്നെങ്കില്‍ ഇവരില്‍ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ….?

എന്തായാലും ഒന്നു ഉറപ്പ് .. കമലിനെ കേരളം മറക്കില്ല , അത് അയാളുടെ സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.