റൊട്ടിയ്ക്കുള്ളിൽ കണ്ടത് ജീവനുള്ള എലി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഓൺലൈൻ വഴി ഓർഡർ ചെയ്ത് വരുത്തിയ റൊട്ടിയിൽ കണ്ടത് ജീവനുള്ള എലി. പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഭക്ഷണങ്ങളുമെല്ലാം വീട്ടിലേയ്‌ക്ക് ഓർഡർ ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. എന്നാൽ നേരിട്ട് നോക്കിയെടുത്തില്ലെങ്കിൽ ചിലപ്പോൾ ഇങ്ങനെയും സംഭവിക്കാം. ഇത്തരം ദുരനുഭവങ്ങൾ മിക്കപ്പോഴും സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണിത്.

തനിക്ക് ഓർഡർ ചെയ്ത് ലഭിച്ച ഒരു റൊട്ടിയുടെ ചിത്രം നിതിൻ അറോറ എന്ന വ്യക്തിയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ബ്ലിങ്കിറ്റ് ഡെലിവറി ആപ്പ് വഴിയാണ് നിതിൻ അറോറ റൊട്ടി ഓർഡർ ചെയ്തത്. ഞെട്ടിപ്പിക്കുന്നത് എന്താണെന്നാൽ, റൊട്ടിയുടെ പാക്കറ്റിനുള്ളിൽ ഒരു എലിയുണ്ടായിരുന്നു എന്നതാണ്.
റൊട്ടി പാക്ക് ചെയ്യുന്ന വ്യക്തിക്കും ഡെലിവറി ഏജന്റിനും എലി കണ്ടിരുന്നില്ല എന്നതാണ് അത്ഭുതം.
എലിക്ക് ജീവനുണ്ടായിരുന്നു.

നിതിൻ അറോറ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയുമടക്കം പോസ്റ്റ് ചെയ്തതോടെ സമൂഹമാദ്ധ്യമങ്ങളിൽ ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവം വിവാദമായതോടെ കമ്പനി അറോറയുമായി സംസാരിച്ചു. ‘തങ്ങൾ ആഗ്രഹിച്ച അനുഭവമല്ല ഇതെന്നും രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് നമ്പർ അല്ലെങ്കിൽ ഓർഡർ ഐഡി തന്നാൽ തങ്ങൾ തീർച്ചയായും പരിശോധിക്കാം’ എന്നാണ് ബ്ലിങ്കിറ്റിന്റെ മറുപടി.