മലയാള സിനിമയുടെ ഭാവന തിരിച്ചെത്തി ഇനി മലയാള സിനിമക്ക് നല്ലോണം കഥ ആലോചിക്കാമെന്ന് അല്‍ഫോന്‍സ് പുത്രന്‍

ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏവരും നിറഞ്ഞ കരഘോഷത്തോടെ എഴുന്നേറ്റ് നിന്നാണ് ഭാവനയെ സദസ് സ്വീകരിച്ചത്. തുടര്‍ന്ന് അഭിനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഭാവന ഐഎഫ്എഫ്‌കെ വേദിയില്‍ എത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പങ്കുവെച്ചത്.

ഇപ്പോള്‍ ഈ വാര്‍ത്ത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും ഈ വിവരം പങ്കുവെച്ചു. ഭാവനയുടെ വാര്‍ത്ത പങ്കുവെച്ച് ‘മലയാള സിനിമയുടെ ഭാവന തിരിച്ചെത്തി ഇനി മലയാള സിനിമക്ക് നല്ലോണം കഥ ആലോചിക്കാം,’ എന്നാണ് അല്‍ഫോണ്‍സ് കുറിച്ചത്. ഇതിന് വ്യക്തത തേടി നിരവധി പേരാണ് കമന്റ് ബോക്സിലെത്തിയത്.

ഉദ്ഘാടന വേദിയില്‍ ഭാവനയെ ക്ഷണിച്ചത് സംവിധായകന്‍ രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതിനുപിന്നാലെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെ നിലപാടും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുന്നു എന്ന വിമര്‍ശനമാണ് രഞ്ജിത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ യാദൃശ്ചികമായാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തിയത് എന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം.