‘സ്‌നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ആക്രമിക്കുന്നുവെങ്കില്‍, അതും സ്‌നേഹമല്ല’; അമല പോള്‍ പറയുന്നു

അമേരിക്കയിലെ മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവ് നെവിനെ അനുകൂലിച്ചും ന്യായീകരിച്ചും പലരും രംഗത്തെത്തുന്നുണ്ട്. ഇത്തരത്തില്‍ പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുമുണ്ട്. ഇത്തരത്തില്‍ നെവിനെ ന്യായീകരിച്ചും മെറിനെ മോശമായി ചിത്രീകരിച്ചും രംഗത്ത് എത്തിയവര്‍ക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് നടി അമല പോള്‍. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കില്‍ അതിന്റെ പേര് സ്‌നേഹമല്ല, ‘സ്‌നേഹം കൊണ്ടല്ലേ’ എന്ന് പറയുമ്പോള്‍ അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയണമെന്നും അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മെറിനെ കുറിച്ച് വ്യക്തിഹത്യ ചെയ്യുന്ന വിധത്തില്‍ ചിലര്‍ നടത്തിയ കമന്റുകളും അമല കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. തന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു അമലയുടെ പ്രതികരണം.

അമലയുടെ കുറിപ്പില്‍ നിന്നും:

‘മലയാളി നഴ്‌സ് ആയ മെറിന്‍ തന്റെ ഭര്‍ത്താവിനാല്‍ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 17 തവണയാണ് അയാള്‍ മെറിനെ കുത്തിയത്. കൂടാതെ വാഹനവും ഓടിച്ച് കയറ്റി. ആ കൊലപാതകത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ താഴെ വരുന്ന ആളുകളുടെ കമന്റുകളാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. സ്േനഹമുള്ള വയലന്‍സ് എന്നാണ് എല്ലാവരും ഇതിനെ നോക്കി കാണുന്നത്. ടോക്‌സിക് ലൗവ്.

നിങ്ങളെ വേദനിപ്പിക്കുന്നൊരിടത്തേയ്ക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതമില്ലേ അല്‍പ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നൊക്കെ മറ്റുള്ളവര്‍ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവര്‍ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങള്‍ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവര്‍ നാണംകെടുത്താന്‍ ശ്രമിക്കും. അതില്‍ ഒരിക്കലും അപമാനിതരാകരുത്.

‘സ്‌നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കില്‍, അതും സ്‌നേഹമല്ല. വാക്കുകളേക്കാള്‍ പ്രവര്‍ത്തികളെ വിശ്വസിക്കുക. ആവര്‍ത്തിച്ചു നടത്തുന്ന അക്രമങ്ങള്‍ ‘പറ്റി പോയ’ അപകടമല്ല. അത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്‌നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യുക.’

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മോനിപ്പള്ളി മരങ്ങാട്ടില്‍ ജോയിയുടെ മൂത്തമകള്‍ മെറിന്‍(28) അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടുന്നത്. മെറിന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ സമയം പാര്‍ക്കിങ് ഏരിയയില്‍ കാത്ത് നിന്ന നെവിന്‍ കത്തി ഉപയോഗിച്ച് മെറിനെ കുത്തുകയായിരുന്നു. 17 കുത്തുകളാണ് നെവിന്‍ മെറിനെ കുത്തിയത്. തുടര്‍ന്ന് നിലത്ത് വീണ മെറിന്റെ ദേഹത്തിലൂടെ കാര്‍ കയറ്റി ഇറക്കി.