അമിത് ഷാ വിളിച്ച ഉന്നതല യോഗം ദില്ലിയിൽ തുടങ്ങി

ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതല യോഗം ദില്ലിയിൽ തുടങ്ങി. കശ്മീരിൽ 9 പേരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരർ കൊലപ്പെടുത്തിയത്. തദ്ദേശീയരല്ലാത്ത ആളുകളെയാണ് ഈ ആക്രമണങ്ങളിലെല്ലാം ഭീകരർ ഉന്നംവച്ചതും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കരസേനാ മേധാവി, റോ മേധാവി, ജമ്മു കശ്മീർ ലഫ. ഗവർണർ എന്നിവർ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. കശ്മീരിൽ സാധാരണക്കാരെ ഉന്നംവച്ച് ഭീകരാക്രമണങ്ങൾ വ‍ർധിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ യോഗം വിളിച്ചത്. കുൽഗാമിൽ ഇന്നലെ ബാങ്കിനുള്ളിൽ കയറി ഭീകരൻ മാനേജറെ വെടിവച്ച് കൊന്നിരുന്നു.

ഇതിന് തൊട്ടുപിന്നാലെ ബുധ്ഗാമിൽ ഇതര സംസ്ഥാന തൊഴിലാളിയും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകരരെ നേരിടാൻ കൂടുതൽ സൈനികരെ കശ്മീരിലേക്ക് നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യുന്നുണ്ട്.