നാഗാലാൻഡ് വെടിവെപ്പ് ഭീകരരെന്ന് തെറ്റിദ്ധരിച്ച് ; ശക്തമായ അന്വേഷണം നടക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: നാഗാലാൻഡിലുണ്ടായ സൈന്യത്തിന്റെ വെടിവെപ്പ് തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും സംഭവത്തിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ലോക്‌സഭയിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

നാഗാലാൻഡിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് സ്വയരക്ഷയ്‌ക്ക് വേണ്ടിയായിരുന്നു സൈന്യം വെടിയുതിർത്തത്. സംഭവത്തിൽ സൈന്യം തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാ ഏജൻസികളും പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയതായും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു. വിഷയത്തിൽ ഗൗരവമായി അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആഭന്ത്യരമന്ത്രി ഉറപ്പുനൽകി.

കഴിഞ്ഞ ദിവസമാണ് നാഗാലാൻഡിൽ നടന്ന സൈന്യത്തിന്റെ വെടിവെപ്പിൽ പ്രദേശവാസികൾ കൊല്ലപ്പെട്ടത്. തീവ്രവാദികളാണെന്ന തെറ്റിദ്ധാരണയിലാണ് വെടിവെയ്പ്പുണ്ടായതെന്ന് സൈന്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആറ് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സ്വയരക്ഷയ്‌ക്ക് വേണ്ടി വെടിയുതിർക്കേണ്ട സാഹചര്യമാണ് ഗ്രാമീണരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലാത്തതാണെന്നും ഇന്ന് ലോക്‌സഭയിൽ അമിത് ഷായും വ്യക്തമാക്കി.