താനൂർ ബോട്ടപടകം, അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വി മുരളീധരനും

മലപ്പുറം: 23 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപടകത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രമന്ത്രി വി മുരളീധരനും. ബോട്ടപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നതായും അമിതാ ഷാ ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ അതിവേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം കുറിച്ചു.

സംസ്ഥാനത്ത് ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്. തട്ടേക്കാടും തേക്കടിയും നാം മറന്നിട്ടില്ലെന്നും വിനോദസഞ്ചാരം ദുരന്തപര്യവസായി ആകുന്നത് അംഗീകരിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ സഞ്ചാരികളുമായി പോകുന്ന ബോട്ടുകൾ കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കുറിച്ചു.

കുഞ്ഞുങ്ങളടക്കം അകാലത്തിൽ പൊലിഞ്ഞവരുടെ ഉറ്റവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. അത്രത്തോളം വേദനാജനകമാണ് താനൂരത്തെ അപകടം. എന്നാൽ രാത്രി വൈകിയും നടന്ന രക്ഷാപ്രവർത്തനത്തിൽ കുറെയധികം ജീവനുകൾ രക്ഷിക്കാനായത് ആശ്വാസകരമായ വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ മരിച്ചവരിൽ ഏറെയും കുട്ടികളാണ് ആരുംതന്നെ ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ല. ഇത് മരണസംഖ്യ ഉയരാൻ കാരണമായി.

അപകടം സംഭവിച്ച സ്ഥലത്ത് എൻഡിആർഎഫും ഇന്ന് പുലർച്ചെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി നടക്കും.