മന്ത്രി വീണ ജോർജിനെതിരെ 10 കൊല്ലം അഴിയെണ്ണാവുന്ന വകുപ്പുകൾ ചുമത്തി എഫ് ഐ ആർ FIR against minister Veena George

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പത്ത് വർഷം അഴിയെണ്ണാവുന്ന വകുപ്പുകൾ ചുമത്തി എഫ് ഐ ആർ. എറണാകുളം നോർത്ത് ടൗൺ പോലീസ് ആണ് 1246 /2022 നമ്പറിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയെത്തുടർന്നാണ് വീണാ ജോർജ് അടക്കം 8 പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

മന്ത്രി വീണാ ജോർജ് ക്രൈം നന്ദകുമാറിനെതിരേ വ്യാജമായ പരാതി നല്കി എന്ന പരാതിയിലാണിത്. കോടതിയുടെ നിർദ്ദേശത്തേ തുടർന്ന് വീണാ ജോർജിനെതിരേ എറണാകുളം നോർത്ത് പോലീസ് എഫ് ഐ ആർ ഇട്ടപ്പോൾ സംസ്ഥാന മന്ത്രി സഭയിലെ പ്രധാനപ്പെട്ട മന്ത്രിയാണ്‌ ജാമ്യമില്ലാ വകുപ്പിൽ കുരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 17 ന് ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ ഈ കേസിലെ നാലാം പ്രതിയായ അഞ്ചു വിജയ പ്രദീപിന്റെ പരാതിയിൽ പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാവുകയും 34 ദിവസങ്ങൾ ജയിലിൽ കിടന്ന ശേഷം ഹൈക്കോടതി വിധിയിലൂടെ ജാമ്യം ലഭിക്കുകയും ഉണ്ടായിരുന്നു.

മന്ത്രി വീണാ ജോർജിനെപ്പോലെ ഡ്യൂപ്പായി നഗ്നയായി അഭിനയിക്കാൻ പറഞ്ഞെന്നും എന്നാൽ അതിനു തയ്യാറാവാത്തത് മൂലം ലൈംഗീക ചുവയോടെ സംസാരിച്ചു എന്നുമാണ് കേസിൽ അന്ന് അഞ്ചു വിജയ പ്രദീപ് പരാതിപ്പെട്ടിരുന്നത്. എന്നാൽ വീണാ ജോർജിന്റെ ക്വട്ടേഷൻ പ്രകാരം വിവാഹത്തട്ടിപ്പ് വീരനും കൈരളി ചാനലിലെ മുൻ ജീവനക്കാരനുമായ ശ്രീജിത്ത് ശ്രീനിവാസൻ, ഇന്ത്യ വിഷൻ ചാനലിൽ മന്ത്രി വീണാ ജോർജിന്റെ സഹപ്രവർത്തകനായിരുന്ന സിപിഎം പ്രവർത്തകൻ ശ്യാം എസ് നായർ, അവതാരക അഞ്ചു വിജയ പ്രദീപ് എന്നിവരെ ക്രൈമിന്റെ ഓഫീസിൽ ബോധപൂർവം ജോലിക്കു കയറ്റുകയും, പ്രതികൾ ഗൂഡാലോചന നടത്തി ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെതിരെ കള്ളപ്പരാതി കൊടുക്കുകയും, വീണാ ജോർജിന്റെ സമ്മർദ്ദത്തിന് വഴങ്ങി നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തതിനെതിരെയാണ് ക്രൈം ചീഫ് എഡിറ്റർ നന്ദകുമാർ കോടതിയെ സമീപിക്കുകയും ആയിരുന്നു.

ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ സി സി ടി വി ദൃശ്യങ്ങൾ മാത്രമല്ല മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരമാണ് പ്രതികൾ നന്ദകുമാറിനെതിരെ ക്വട്ടേഷൻ ഏറ്റെടുക്കുകയും നാലാം പ്രതി അഞ്ചു വിജയ പ്രദീപിനെകൊണ്ട് കള്ളപ്പരാതി കൊടുക്കുകയും ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കുന്ന വീഡിയോ – ഓഡിയോ – ഫോൺ സംഭാഷണങ്ങൾ അടക്കമുള്ള നൂറോളം തെളിവുകളാണ് നന്ദകുമാർ കോടതിയിൽ ഹാജരാക്കിയത്. പ്രതികാരം തീർക്കുന്നതിന് വേണ്ടി മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തന്റെ സ്വകാര്യ നേട്ടങ്ങൾക്കുപയോഗിച്ച മന്ത്രി വീണാ ജോർജ് രാജി വെയ്ക്കണമെന്ന് ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കർമ്മ ന്യൂസ് സ്റ്റോറി കാണുക.