കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍ പുറത്തിറക്കിയ ഉത്തരവില്‍ അന്വേഷണം, ജല വകുപ്പ് മന്ത്രിയെയും ചോദ്യംചെയ്യും

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ മന്ത്രി അതിഷി മർലേനയെ ഇ.ഡി. ചോദ്യം ചെയ്യുമെന്നാണ് സൂചന. കസ്റ്റഡിയിൽ ഇരുന്ന് കേജ്‌രിവാൾ എങ്ങനെ സർക്കാരിന് നിർദേശം നൽകി എന്നാണ് ഇഡി അന്വേഷിക്കുക. കെജ്‌രിവാള്‍ പുറത്തിറക്കി എന്ന പറയുന്ന കത്ത് വ്യാജമെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.

ജയിലില്‍ നിന്നും അരവിന്ദ് കേജ്‌രിവാള്‍ ആദ്യ ഉത്തരവ് പുറത്തിറക്കിയെന്ന എഎപിയുടെ ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ശുദ്ധജല വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കസ്റ്റഡിയിലിരിക്കുന്ന കേജ്‌രിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു നേരത്തെ അതിഷി മെര്‍ലേന അറിയിച്ചത്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശിച്ചിരുന്നുവെന്നും അതിഷി പറഞ്ഞിരുന്നു. ജയിലിലായിരിക്കുമ്പോഴും ദല്‍ഹിയിലെ ജനങ്ങളെക്കുറിച്ചാണ് കെജ്‌രിവാളിന്റെ ചിന്തയെന്നും അതിഷി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയൽ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കി. കെജ്‌രിവാളിനെ ഇ.ഡി. കസ്റ്റഡിയിൽ വിടുമ്പോൾ പങ്കാളി സുനിത കെജ്‌രിവാളിനും പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനും വൈകുന്നേരം 6 നും 7നും ഇടയിൽ അരമണിക്കൂർ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു.

കൂടാതെ കെജ്‌രിവാളിന്റെ വക്കീലിനും അരമണിക്കൂർ സന്ദർശിക്കാൻ അനുമതിയുണ്ട്. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്.