ലോക്കോ പൈലറ്റുമാർ ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നു’: ആന്ധ്രാ ട്രെയിൻ അപകടത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി റെയിൽവേ മന്ത്രി

ന്യൂഡൽഹി∙ 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ആന്ധ്രാ ട്രെയിൻ അപകടത്തിൻ്റെ കാരണം വെളിപ്പെടുത്തി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്കോ പൈലറ്റും സഹായിയും അശ്രദ്ധമായി ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് റെയിൽവേ മന്ത്രി വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ്.

ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ ഒക്ടോബർ 29 നായിരുന്നു അപകടം. രായഗഡ പാസഞ്ചർ ട്രെയിൻ വിശാഖപട്ടണം പലാസ ട്രെയിനിന് പിന്നിൽ ഇടിച്ച് 50-ലധികം യാത്രക്കാർക്ക് പരിക്കേൽക്കുകയും 14 പേർ മരിക്കുകയും ചെയ്തു. ഇന്ത്യൻ റെയിൽവേ മന്ത്രാലയം നടപ്പാക്കുന്ന പുതിയ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ആന്ധ്ര ട്രെയിൻ അപകടത്തെക്കുറിച്ച് പരാമർശിച്ചത്. ഒരു ട്രെയിനിലെ ലോക്കോ പൈലറ്റും സഹ പൈലറ്റും ഫോണിൽ ക്രിക്കറ്റ് മത്സരം കണ്ടതാണ് ആന്ധ്രയിലെ അപകടത്തിന് കാരണമായതെന്ന് മന്ത്രി വെളിപ്പെടുത്തി.

അടുത്തകാലത്ത് ആന്ധ്രപ്രദേശിലുണ്ടായ അപകടത്തിനു കാരണം ലോക്കോ പൈലറ്റും കോ പൈലറ്റും ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നതാണ്. ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെയും ശ്രദ്ധ ട്രെയിൻ ഓടിക്കുന്നതിൽ തന്നെയാണെന്ന് ഉറപ്പുവരുത്തിനും, ഏതെങ്കിലും തരത്തിൽ ശ്രദ്ധ പാളുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനുമായി പ്രത്യേക സംവിധാനങ്ങൾ സ്ഥാപിക്കും.’’ മന്ത്രി പറഞ്ഞു.

സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ അപകടം ഉണ്ടാകുമ്പോഴും കൃത്യമായി പരിശോധിച്ച് കാരണങ്ങൾ കണ്ടെത്തി അത് ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോൺ വാൾട്ടെയ്ർ ഡിവിഷനിൽ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിൽ വിശാഖപട്ടണം–റായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം–പലാസ പാസഞ്ചർ ട്രെയിനുമാണ് കൂട്ടിയിടിച്ചത്. കേബിൾ പൊട്ടിവീണതിനെ തുടർന്ന് സാവധാനത്തിലായിരുന്ന റായഗഡ പാസഞ്ചർ ട്രെയിനിനു പിന്നാലെ വന്ന വിശാഖപട്ടണം–പലാസ പാസഞ്ചർ റെഡ് സിഗ്നൽ അവഗണിച്ച് മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്നു ബോഗികൾ പാളംതെറ്റി.