തൃപ്പാറ മഹാദേവ ക്ഷേത്ര ദർശനം നടത്തി അനു​ഗ്രവം വാങ്ങി അനിൽ ആന്റണി

തൃപ്പാറ മഹാദേവനെ തൊഴുത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കിറങ്ങി അനിൽ കെ ആന്റണി. മഹാശിവാരാത്രിയോടനുബന്ധിച്ച് തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ക്ഷേത്ര സന്നിധിയിൽ നടന്ന പറയിടിൽ ചടങ്ങിൽ പങ്കെടുത്ത അനിൽ പറ സമർപ്പണവും നടത്തി. പി.സി ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.

അതേ സമംയ പത്തനംതിട്ടയില്‍ മകന്‍ അനില്‍ ആന്‍റണിക്കെതിരെ പ്രചാരണത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയെത്തും. എ.കെ.ആന്‍റണിയെ പത്തനംതിട്ടയില്‍ പ്രചാരണത്തിന് വിളിക്കുമെന്നാണ് ഡിസിസി അറിയിക്കുന്നത്. അനിലിനെ എതിരാളിയായി പരിഗണിക്കുന്നില്ലെന്നും കോൺഗ്രസിന്റെ ഒരു വോട്ടും അനിൽ ആന്‍റണിക്ക് പോവില്ലെന്നും ഡിസിസി പ്രസി‍ഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. അനില്‍ ആന്‍റണിയാണ് പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി.

അനിൽ ആന്‍റണി ബിജെപി സ്ഥാനാർത്ഥിയായി വന്നതോടെ തന്നെ പത്തനംതിട്ട മണ്ഡലത്തിൽ ഉയര്‍ന്നിരുന്ന ചോദ്യമാണ്, കോൺഗ്രസിനായി എ.കെ.ആൻറണി വരുമോ എന്നുള്ളത്. ഡിസിസിയുടെ ക്ഷണം ആന്‍റണി സ്വീകരിച്ചാൽ കേരള രാഷ്ട്രീയ ചരിത്രത്തിൽ അത് കൗതുകമാകും. അതേസമയം മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെ പോലെയുള്ളവർ ഒഴിഞ്ഞുപോയത് പത്തനംതിട്ടയിൽ കോൺഗ്രസിന് ഗുണമാകുമെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. ഖജനാവ് ശൂന്യമാക്കി മുങ്ങിയ തോമസ് ഐസക് പിന്നെ പൊങ്ങിയത് പത്തനംതിട്ടയിൽ ആണെന്നും സതീഷ് കൊച്ചു പറമ്പിൽ പരിഹസിച്ചു.