പാര്‍ട്ടി നിലപാട് തള്ളി ; സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് അനില്‍ ആന്‍റണി

ബി.ബി.സി. ഡോക്യുമെന്ററി വിഷയത്തിൽ താന്‍ നടത്തിയ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെപിസിപി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും മുതിര്‍ന്ന നേതാവ്  എ. കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ഇന്ത്യയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്‍ററി എന്നുതന്നെ കരുതുന്നുവെന്നും അനിൽ ആന്‍റണി പ്രതികരിച്ചു.

ബിബിസി നടത്തുന്നത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള ശ്രമമാണ്. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്‌ക്കുന്ന നടപടിയാണിതെന്നുമാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്റണി ആദ്യം പ്രതികരിച്ചത്.

അതേസമയം, അനില്‍ ആന്റണി കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ഭാഗമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന നടക്കുകയാണ്. സംസ്ഥാന വ്യാപകമായി കെപിസിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അനില്‍ ആന്റണിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ തന്നെ രംഗത്തെത്തിയിരുന്നു. താന്‍ പറയുന്നതാണ് ഔദ്യോഗിക അഭിപ്രായമെന്ന് ഷാഫി പറഞ്ഞു., അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.