വീടിനുള്ളില്‍ മകളെ തടവിലിട്ട് കാവലിരിക്കുന്ന ഒരമ്മ, എന്‍ഡോസള്‍ഫാന്‍ ദുരിതമിങ്ങനെയും

കാസര്‍കോട്: മകളെ ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ ഉണ്ടാക്കി മുറിയില്‍ അടച്ചിടേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ. ചിന്തിക്കാന്‍ പോലും ആകില്ല അത്. എന്നാല്‍ കാസര്‍കോട് വിദ്യാനഗറില്‍ രാജേശ്വരി അമ്മ മകളെ കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് വാതിലുള്ള മുറിയില്‍ അടച്ചിട്ടിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിച ബാധിതയായ 20കാരി മകള്‍ അഞ്ജലിക്ക് മനോനില തെറ്റുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് അമ്മ ഇങ്ങനെ ചെയ്തത്.

കാസര്‍കോട്ടെ പല കുട്ടികളെയും പോലെ എന്‍ഡോസള്‍ഫാന്‍ വിതച്ച മഹാദുരിതത്തിന്റെ ഇരയാണ് അഞ്ജലിയും. ഓട്ടിസമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അഞ്ജലി ചെറുതായിരുന്നപ്പോള്‍ അമ്മയ്ക്ക് പിടിച്ചുനിര്‍ത്താനാവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. തന്റെ അടുത്ത് എത്തുന്നവരെ എല്ലാം അഞ്ജലി ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കില്‍ സ്വന്തം ശരീരത്തില്‍ കടിച്ച് മുറിവുണ്ടാക്കും. അമ്മ രാജേശ്വരിയുടെ കൈയിയില്‍ നിറയെ അഞ്ജലി കടിച്ച് മുറിച്ച് ഉണങ്ങിയ പാടുകളാണ്.

ചോറ് കൊടുത്താല്‍ എറിഞ്ഞ് കളയും, ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഇരുമ്പ് വാതില്‍ വെച്ച മുറിയില്‍ അമ്മയുടെ മുന്നിലാണ് അഞ്ജലി. കുളിപ്പിക്കാനും ആഹാരം നല്‍കാനും മാത്രമേ അഞ്ജലിയെ പുറത്തിറക്കൂ. അപ്പോഴും സഹായം വേണം. കുളിപ്പിക്കുന്ന സമയം ഒക്കെ ഉപദ്രവിക്കും. ഉപദ്രവത്തില്‍ പല പ്രാവശ്യം താന്‍ താഴെ തറയില്‍ വീണിട്ടുണ്ടെന്ന് അമ്മ പറയുന്നു.

അഞ്ജലിക്ക് ഇപ്പോള്‍ നല്‍കുന്നത് ബംഗുളൂരുവില്‍ നിന്നും കൊണ്ടുവരുന്ന മരുന്നാണ്. ഈ മരുന്ന് കഴിച്ചു തുടങ്ങിയതില്‍ പിന്നെ ചെറിയ ആശ്വാസമുണ്ട്. 1700 രൂപ പെന്‍ഷനുണ്ട്. വികലാംഗ പെന്‍ഷനുമുണ്ട്.- അമ്മ പറഞ്ഞു. അമ്മയും മകളും താമസിക്കുന്നത് സ്വന്തം വീട്ടിലല്ല. അഞ്ജലിയുടെ അമ്മാവന്റെ വീട്ടിലാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ മൂന്ന് സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ട്. അതിലൊരു ചെറിയ വീട്, ജീവിക്കാന്‍ ഒരു വരുമാനം, രോഗത്തില്‍ നിന്ന് മകള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം ഇത് മാത്രമാണ് ഈ അമ്മ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.