അമ്മ എന്ന വാക്കിനെ ഓവര്‍ റേറ്റഡ് ആക്കി മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ ഗതി മാറ്റുന്ന സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ തയ്യാറാവണമെന്ന് അഞ്ജലി ചന്ദ്രന്‍

ഭര്‍തൃവീടുകളിലെ പീഡനങ്ങള്‍ സഹിക്കാനാവാതെ ജീവനൊടുക്കുന്ന യുവതികളുടെ പല വിവരങ്ങളും പുറത്തെത്തുന്നുണ്ട്. ഏറ്റവും ഒടുവിലായി കൊല്ലത്ത് നിന്നുമായിരുന്നു ഈ വാര്‍ത്ത എത്തിയത്. സുവ്യ എന്ന യുവതിയാണ് ഭര്‍തൃവീട്ടിലെ ക്രൂരതകള്‍ സഹിക്കാനാവാതെ ജീവനൊടുക്കിയത്. ഈ സംഭവത്തെ കുറിച്ച് അഞ്ജലി ചന്ദ്രന്‍ പങ്കുവെച്ച കുറിപ്പാണ് അപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

എത്ര വിദ്യാഭ്യാസ നിലവാരമുണ്ടെന്ന് പറഞ്ഞാലും എത്ര സാമൂഹിക ഉന്നതി ഉള്ള വീട്ടുകാരാണെന്ന് പറഞ്ഞാലും പുതിയൊരു പെണ്‍കുട്ടി വരുന്ന നിമിഷം തൊട്ടു അവളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഒരുപാട് പേര് നമ്മളുടെ ചുറ്റിലും തന്നെ ഉണ്ട്. പലപ്പോഴും വീട്ടിലെ സ്ത്രീകളായ അമ്മായിഅമ്മ , നാത്തൂന്‍ ഒക്കെ തന്നെയാണ് നിര്‍ഭാഗ്യവശാല്‍ ഇത്തരം മാനസിക വൈകൃതങ്ങള്‍ കാണിക്കാറുള്ളത്. ഇനി ചില ഇടങ്ങളില്‍ ഇവര്‍ തങ്ങളുടെ ചുറ്റും ഉള്ള പുരുഷന്മാരെ കരുക്കള്‍ ആക്കി നിഷ്‌കളങ്കതയുടെ കുപ്പായം ഇട്ടു നവ വധുവിനെ നല്ല പോലെ ദ്രോഹിക്കും. പ്രത്യക്ഷത്തില്‍ തെളിഞ്ഞ വെള്ളത്തില്‍ നില്‍ക്കുകയും എന്നാല്‍ ഗാര്‍ഹിക പീഡനത്തിന്റെ സൂത്രധാരരായ ഇത്തരക്കാരെ പലപ്പോഴും ആളുകള്‍ തിരിച്ചറിയുകയുമില്ല.- അഞ്ജലി ചന്ദ്രന്‍ കുറിച്ചു.

അഞ്ജലി ചന്ദ്രന്റെ കുറിപ്പ്, ഇന്നലെ എംസിഎ ബിരുദധാരിയായ ഒരു പെണ്‍കുട്ടി കൂടി ഭര്‍തൃ വീട്ടിലെ ഗാര്‍ഹിക പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്തിട്ടുണ്ട്. കേള്‍ക്കുന്നവര്‍ക്ക് പോലും വിഷമം ആവുന്ന അവരുടെ വോയ്‌സ് ക്ലിപ് സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ഭര്‍ത്താവിന്റെ അമ്മയാണ് തന്റെ മരണത്തിന് ഉത്തരവാദി എന്നത് വളരെ വ്യക്തമായി അവരു പറഞ്ഞിട്ടുണ്ട്.ഈ സംഭവം നടന്നത് കൊല്ലത്ത് ആണ് എന്നത് കൊണ്ട് ഇതൊക്കെ ആ നാട്ടിലെ നടക്കൂ എന്ന് പറഞ്ഞു മറ്റു നാടുകളില്‍ ഗാര്‍ഹികപീഡനം ഇല്ല എന്നു പറയുന്ന നിഷ്‌കളങ്കത ആവശ്യമില്ല. ഇത്തരത്തില്‍ കുറേ കഥാപാത്രങ്ങള്‍ എല്ലാ നാടുകളിലും ഉണ്ട്.

നമ്മളുടെ സാമൂഹിക വ്യവസ്ഥയില്‍ വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടി താമസിക്കാന്‍ ചെല്ലുന്ന വീട്ടിലെ ആളുകളുടെ സ്വഭാവം അവളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഒന്നും നടക്കാറില്ല. സ്ത്രീകള്‍ ഭൂമിയോളം ക്ഷമിക്കണം എന്നാണല്ലോ നാട്ടുനടപ്പ്. ഭര്‍തൃ വീട്ടില്‍ ചെന്ന് കേറുന്ന നിമിഷം മുതല്‍ അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബോധം ഉറച്ച നാള് മുതല്‍ തന്നെ പരിശീലിപ്പിക്കപ്പെട്ടവരാണ് നമ്മളുടെ പെണ്‍കുട്ടികള്‍. എത്ര വിദ്യാഭ്യാസ നിലവാരമുണ്ടെന്ന് പറഞ്ഞാലും എത്ര സാമൂഹിക ഉന്നതി ഉള്ള വീട്ടുകാരാണെന്ന് പറഞ്ഞാലും പുതിയൊരു പെണ്‍കുട്ടി വരുന്ന നിമിഷം തൊട്ടു അവളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഒരുപാട് പേര് നമ്മളുടെ ചുറ്റിലും തന്നെ ഉണ്ട്.

പലപ്പോഴും വീട്ടിലെ സ്ത്രീകളായ അമ്മായിഅമ്മ , നാത്തൂന്‍ ഒക്കെ തന്നെയാണ് നിര്‍ഭാഗ്യവശാല്‍ ഇത്തരം മാനസിക വൈകൃതങ്ങള്‍ കാണിക്കാറുള്ളത്. ഇനി ചില ഇടങ്ങളില്‍ ഇവര്‍ തങ്ങളുടെ ചുറ്റും ഉള്ള പുരുഷന്മാരെ കരുക്കള്‍ ആക്കി നിഷ്‌കളങ്കതയുടെ കുപ്പായം ഇട്ടു നവ വധുവിനെ നല്ല പോലെ ദ്രോഹിക്കും. പ്രത്യക്ഷത്തില്‍ തെളിഞ്ഞ വെള്ളത്തില്‍ നില്‍ക്കുകയും എന്നാല്‍ ഗാര്‍ഹിക പീഡനത്തിന്റെ സൂത്രധാരരായ ഇത്തരക്കാരെ പലപ്പോഴും ആളുകള്‍ തിരിച്ചറിയുകയുമില്ല. നാടകം കളിക്കാന്‍ മിടുക്കരായ ഇക്കൂട്ടരെ മനസ്സിലാക്കി തുടങ്ങിയാല്‍ എത്ര അകറ്റി നിര്‍ത്താമോ അത്രയും അകറ്റി നിര്‍ത്തിയത് കൊണ്ട് ജീവന്‍ എങ്കിലും തിരികെ കിട്ടിയ ആളുകളുണ്ട്. മകന്റെ പണം , ജോലി ഒക്കെ തങ്ങളുടെ സൗകര്യത്തിന് വേണ്ടി മാത്രമാണ് എന്ന് ചിന്തിക്കുന്നവര്‍ ദയവു ചെയ്തു സ്വന്തം ആണ്‍മക്കളെ കല്യാണം കഴിപ്പിക്കരുത്. സമൂഹത്തിന്റെ മുന്നില്‍ തങ്ങളുടെ കടമ നിര്‍വഹിച്ചു എന്നു വരുത്തി തീര്‍ത്തു , ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇല്ലാതാക്കുന്ന ആളുകളുടെ പേരും മാതാപിതാക്കള്‍ എന്നാണ്. സഹോദര ഭാര്യയെ ആവും വിധം ദ്രോഹിക്കാന്‍ ചരട് വലിക്കുന്നവരുടെ പേരും സഹോദരങ്ങള്‍ എന്നത് അടുത്ത തമാശ!

റാണി പത്മിനി എന്ന സിനിമയില്‍ മഞ്ജു വാര്യരോട് സജിത മഠത്തില്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് . തന്റെ അമ്മായിയമ്മ വീല്‍ ചെയറില്‍ ആവുന്ന വരെ നടന്നത് നെഞ്ചിലൂടെ ആയിരുന്നു എന്നത്. അത് കൊണ്ട് തന്റെ മരുമകളും തനിക്ക് അടങ്ങി ജീവിക്കണം എന്ന ധ്വനി പറയാതെ പറയുന്ന ആ കഥാപാത്രത്തിനെ പോലെ ജീവിക്കുന്ന ഒരുപാട് പേരുണ്ട് പല വീടുകളിലും. തങ്ങള്‍ അനുഭവിച്ച അവഗണനയും ഗാര്‍ഹിക പീഡനങ്ങളും ഈ തലമുറയിലെ പെണ്‍കുട്ടികള്‍ കൂടി അനുഭവിക്കണം എന്ന വിഷം മനസ്സില്‍ കൊണ്ട് നടക്കുന്ന സ്ത്രീകളുണ്ട്. അത് പോലെയുളളവര്‍ കാരണം ആത്മഹത്യ ചെയ്യുന്നവരും മരിച്ചു ജീവിക്കുന്നവരുമായ പെണ്‍കുട്ടികള്‍ ഉള്ള നാടാണ് ഇത്. മകനോടുള്ള സ്‌നേഹത്തിന് അവനെ അവന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ വിടാതെ തങ്ങളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി അവന്റെ കുടുംബ ജീവിതം നശിപ്പിക്കുന്ന സ്ത്രീകളോട് അമ്മയെന്ന പരിഗണന ഒന്നും കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ല. പലപ്പോഴും ഇത്തരക്കാര്‍ മക്കളെ നിശബ്ദരാക്കാന്‍ എടുത്ത് ഉപയോഗിക്കുന്ന ഇമോഷണല്‍ കാര്‍ഡ് അവരെ പെറ്റ പത്തു മാസക്കണക്കാണ്. മക്കളോടും മക്കളുടെ പങ്കാളികളോടും പേരക്കുട്ടികളോടും മാന്യമായ പെരുമാറ്റം നടത്താത്ത ഒരാളോടും യാതൊരു തരത്തിലുള്ള വിട്ടു വീഴ്ചയും നടത്തേണ്ട ബാധ്യത പെണ്‍കുട്ടികള്‍ക്കോ അവരുടെ വീട്ടുകാര്‍ക്കോ ഇല്ല.

അമ്മ എന്ന വാക്കിനെ ഓവര്‍ റേറ്റഡ് ആക്കി മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ ഗതി മാറ്റുന്ന സ്ത്രീകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാവണം. സ്വന്തം വീട്ടില്‍ കയറി വരുന്ന പെണ്‍കുട്ടികളെ അമ്മയോ അച്ഛനോ സഹോദരങ്ങളോ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് തിരിച്ചറിഞ്ഞാല്‍ ആ സാഹചര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ പങ്കാളി. അതോടൊപ്പം എത്ര വലിയ ബന്ധു ആണെങ്കിലും ഇത്തരത്തില്‍ പെണ്‍കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ആളുകളെ കാണുമ്പോള്‍ ബന്ധു സ്‌നേഹം കാണിക്കുന്നത് വഴി സ്വന്തം വ്യക്തിത്വം ഇല്ലാതാകുന്ന ഏര്‍പ്പാട് ബന്ധുക്കളും അയല്‍വാസികളും നാട്ടുകാരും ചെയ്യേണ്ടതാണ് . പുറത്ത് ചിരിച്ച മുഖവുമായി കാരുണ്യം വാരി വിതറുന്ന പലരും മക്കളുടെ ഭാര്യമാരോട് ചെയ്യുന്ന ക്രൂരത ആളുകള്‍ അറിഞ്ഞാല്‍ തനിച്ച് പുറത്തിറങ്ങാന്‍ പോലും ബുദ്ധിമുട്ടും എന്നതാണ് സത്യം.

സ്വന്തം പെണ്‍കുട്ടികളെ എല്ലാ തരത്തിലും തങ്ങളുടെ ചിറകിന്റെ ഉള്ളില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തി മകന്റെ ഭാര്യയെ സ്വന്തം വീട്ടുകാരെ പോലും കാണിക്കാന്‍ സമ്മതിക്കാത്ത ഇഷ്ടം പോലെ ആളുകള്‍ ഉണ്ട്. ഗതികെട്ട് ഇറങ്ങി പോവുന്ന പെണ്‍കുട്ടികളെ ഇനി അത്തരത്തില്‍ മോശമായ രീതിയില്‍ ഒരു പെരുമാറ്റവും ഉണ്ടാവില്ല എന്ന ഉറപ്പ് നല്‍കി തിരികെ കൊണ്ട് വന്നു കൊടും പീഡനം നടത്തി കൊല്ലാക്കൊല ചെയ്യുന്ന ഇടങ്ങള്‍. ഇതിലും ഭേദം മരണം ആണെന്ന് തോന്നി ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകള്‍ മാത്രമേ പുറത്ത് വരുന്നുള്ളൂ. മരിച്ചു കൊണ്ട് ജീവിക്കുന്ന പെണ്‍കുട്ടികളെ ഈ നരകത്തില്‍ നിന്നും മോചിപ്പിക്കാന്‍ പറ്റുന്ന രീതിയില്‍ നമ്മളുടെ നിയമവും സമൂഹവും വളര്‍ന്നു വരട്ടെ.