കുടുംബജീവിതം നശിപ്പിക്കുന്ന ആങ്ങളമാരും നാത്തൂന്മാരും, അഞ്ജലി ചന്ദ്രന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കൈക്കുഞ്ഞുമായി അമ്മ ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. തന്റെ സഹോദരങ്ങളുടെ പീഡനംമൂലമാണ് ഭാര്യ കുഞ്ഞുമായി ട്രെയിനിന് മുൻപിൽ ചാടി മരിക്കാൻ കാരണമെന്ന ഭർത്താവിന്റെ തുറന്നു പറച്ചിലിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ. ഭാര്യയുടെ മരണ ശേഷം ഭർത്താവ് സ്വന്തം സഹോദരങ്ങൾ പീഡിപ്പിച്ചത് കൊണ്ടാണ് ഭാര്യ കുഞ്ഞിനെയും എടുത്ത് ജീവനൊടുക്കിയത് എന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്ന് വാർത്ത കണ്ടു. സ്വന്തം ഭാര്യ സഹോദരങ്ങളിൽ നിന്നും പീഡനം സഹിക്കുമ്പോൾ അത് തടയാൻ ശ്രമിക്കാത്ത , അത്തരം സാഹചര്യങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്തി സംരക്ഷിക്കാൻ ശ്രമിക്കാത്ത ഭർത്താവും പരോക്ഷമായി ആ പെൺകുട്ടിയുടെ മരണത്തിന് കാരണമാണെന്ന് അഞ്ജലി കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

നമ്മളുടെ നാട്ടിലെ വിവാഹങ്ങളിൽ മിക്കപ്പോഴും ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ് ചെക്കൻ്റെ സ്വഭാവം നോക്കിയാൽ പോരേ , പെൺകുട്ടി ജീവിക്കുന്നത് അവൻ്റെ കൂടെ അല്ലേ എന്തിന് വീട്ടുകാരെ പറ്റി ഒരുപാട് അന്വേഷിക്കുന്നു എന്നത്. നമ്മളുടെ നാട്ടിലെ സാമൂഹിക അവസ്ഥയിൽ മിക്കപ്പോഴും വിവാഹം എന്നത് മിക്കപ്പോഴും ഒരു വ്യക്തിയുമായി മാത്രം ഉള്ള ഇടപെടലുകൾ അല്ല നേരെ മറിച്ച് കുടുംബത്തിലെ മറ്റു അംഗങ്ങൾ കൂടെ ഇടപെടുന്നത് ആണ് . ഇത്തരത്തിൽ വീട്ടുകാരുടെ ഇടപെടലുകൾ നെഗറ്റീവ് ആയി വന്നത് വഴി ഒൻപത് മാസം പ്രായം ഉള്ള കുഞ്ഞിനെയും എടുത്ത് ഒരാഴ്ച മുൻപ് ട്രെയിനിനു ചാടി മരിച്ച ഒരു പെൺകുട്ടിയുണ്ട്. അവളുടെ മരണ ശേഷം ഭർത്താവ് സ്വന്തം സഹോദരങ്ങൾ പീഡിപ്പിച്ചത് കൊണ്ടാണ് ഭാര്യ കുഞ്ഞിനെയും എടുത്ത് ജീവനൊടുക്കിയത് എന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്ന് വാർത്ത കണ്ടു. സ്വന്തം ഭാര്യ സഹോദരങ്ങളിൽ നിന്നും പീഡനം സഹിക്കുമ്പോൾ അത് തടയാൻ ശ്രമിക്കാത്ത , അത്തരം സാഹചര്യങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്തി സംരക്ഷിക്കാൻ ശ്രമിക്കാത്ത ഭർത്താവും പരോക്ഷമായി ആ പെൺകുട്ടിയുടെ മരണത്തിന് കാരണമാണ്.

നിർഭാഗ്യവശാൽ വീട്ടിലെ സഹോദരങ്ങൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സഹോദര ഭാര്യയെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥകളാണ് പലപ്പോഴും കണ്ടു വന്നിട്ടുള്ളത്. തന്നെ പോലെ മറ്റൊരു വീട്ടിൽ അച്ഛനോടും അമ്മയോടും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞ ഒരു പെൺകുട്ടി സ്വന്തം സഹോദരൻ്റെ ജീവിതത്തിൽ കടന്നു വന്നതിൽ സന്തോഷിക്കുന്നതിന് പകരം , അവളുടെയും പരോക്ഷമായി സഹോദരൻ്റെയും ജീവിതം നരക തുല്യമാക്കുന്ന സഹോദരങ്ങൾ ഒരുപാട് ഉണ്ട് നമ്മളുടെ നാട്ടിൽ. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബന്ധമാണ് പലപ്പോഴും സഹോദര ബന്ധങ്ങൾ. അത്തരത്തിൽ ഉള്ള ബന്ധങ്ങൾ കേവലം ഇമോഷണൽ നാടകം കളിച്ച് സഹോദരനെ കൂടി തങ്ങളുടെ പക്ഷത്ത് നിർത്തി പെൺകുട്ടിയെ ആത്മഹത്യയുടെ വക്കിൽ എത്തിക്കാൻ മിടുക്കരായ ആളുകളെ നമുക്കും പരിചയം ഉണ്ടാവും.

പഴയ തലമുറയിലെ മാതാപിതാക്കളോട് വിവാഹിതയായി വന്ന പെൺകുട്ടിയ്ക്ക് വേണ്ടി , അവളുടെ വ്യക്തിത്വത്തിന് വേണ്ടി സംസാരിക്കാൻ ഏറ്റവും ഉചിതമായ ആളുകൾ സഹോദരങ്ങൾ തന്നെ ആണ്. വിവാഹം കഴിച്ച ഉടനെ മാറി പോയി എന്ന ധാരണ ആർക്കും വരാതെ ഇരിക്കാൻ പുരുഷന്മാർ പലപ്പോഴും ഭാര്യമാരോട് അവർ നേരിടുന്ന അവസ്ഥകളോട് കണ്ണടച്ച് കാണിക്കാൻ ആണ് പറയുക. ഇങ്ങനെ ഉള്ള സമയങ്ങളിൽ സഹോദരന് വേണ്ടി സംസാരിക്കാനും അവൻ്റെ കൂടെ നിൽക്കാനും കൂടെ ഉള്ള ബന്ധങ്ങളെ ആണ് യഥാർത്ഥ കൂടപ്പിറപ്പുകൾ ആയി കാണേണ്ടത്.

സഹോദരങ്ങൾക്കും അവരുടെ മക്കൾക്കും വേണ്ടി സ്വന്തം ഭാര്യയുടെയും മക്കളുടെയും സന്തോഷങ്ങൾ വെട്ടി കുറയ്ക്കുന്ന ആളുകൾ ഉണ്ട്. എത്ര കണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിൽ തങ്ങളുടെ ഇടപെടലുകൾ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നറിഞ്ഞാൽ പോലും വീണ്ടും വീണ്ടും മറ്റുള്ളവരുടെ ജീവിതം താറുമാറാക്കാൻ ഇറങ്ങി തിരിച്ച ആളുകൾ കാരണം മരണം വരെ ഇത്തരം ബന്ധങ്ങളെ സഹിച്ചു ജീവിക്കാൻ നിവൃത്തികേട് ഉള്ളവരുണ്ട്. വിവാഹ ശേഷം ഭക്ഷണം മുതൽ വസ്ത്രം വരെ ഭർത്താവിൻ്റെ സഹോദരങ്ങൾ തീരുമാനിക്കുന്ന വീടുകൾ ഉണ്ട്.

ചിലയിടങ്ങളിൽ ഒരുപടി കടന്നു പെൺകുട്ടി എപ്പോൾ ഗർഭിണി ആവണം എന്നത് കൂടി ഇവരാവും തീരുമാനിക്കുക. അതിനു മുൻപേ ഗർഭിണി ആയതിനു മാനസിക പീഡനങ്ങൾ സഹിച്ച സ്ത്രീകളുണ്ട് . കേൾക്കുമ്പോൾ നമുക്ക് അതിശയം തോന്നുമെങ്കിലും ഇതൊക്കെ നടക്കുന്ന വീടുകൾ ഒരുപാടുണ്ട്. എന്ത് കൊണ്ട് ഇതൊന്നും പുറത്ത് അറിയുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമായി പറയാൻ ഉള്ളത് കാലങ്ങൾ ആയി നമ്മളുടെ പെൺകുട്ടികൾ കടന്നു പോവുന്ന സോഷ്യൽ കണ്ടിഷണിംഗ് കാരണം ഇതൊന്നും അടുത്ത വീട്ടുകാർ പോലും അറിയുന്നില്ല എന്നതാണ്. ഒരു പെൺകുട്ടി സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോൾ മാത്രം ആണ് ഇത്തരം കഥകൾ പുറം ലോകം അറിയുന്നത് എന്നതാണ് ഏറ്റവും ദുഃഖകരം.

ഒരു വ്യക്തിയുടെ വിവാഹ ജീവിതത്തിൽ പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സഹോദരങ്ങളെ അറിയാം. സ്വന്തം ഭാര്യക്ക് പുതിയ ഒരു വസ്ത്രം വാങ്ങിയാൽ, അവളെ ഒരു സിനിമയ്ക്ക് കൊണ്ട് പോയാൽ എന്തിന് പറയുന്നു അവരോരുമിച്ച് പുറത്ത് പോയി ഒരു ഐസ് ക്രീം കഴിച്ച് തിരികെ വന്നാൽ മുഖം കറുപ്പിക്കുന്ന സഹോദരങ്ങളും മാതാപിതാക്കളും ഉണ്ട്. വിവാഹ ശേഷം അവരുടെ ജീവിതത്തിൽ അവർക്ക് വേണ്ട സ്വകാര്യതയിൽ പോലും കൈ കടത്താൻ ശ്രമിക്കുന്ന ആളുകൾ ഉണ്ട് എന്നത് അതിശയോക്തിയായി കാണരുത്. ഇതൊക്കെ നടക്കുന്നത് നമുക്ക് ചുറ്റിലും തന്നെയാണ്. പെൺകുട്ടികൾ DV ഫയൽ ചെയ്യാത്തത് കൊണ്ട് മാത്രം പുറത്ത് ഇറങ്ങി തല ഉയർത്തി നടക്കാൻ കഴിയുന്ന ആളുകളും നമ്മുടെ പരിചിത മുഖങ്ങളിൽ കണ്ടേക്കാം.

ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന മക്കളെ സംരക്ഷിക്കുന്ന , കുറ്റങ്ങൾ മുഴുവൻ വിവാഹം കഴിച്ചു വരുന്ന പെൺകുട്ടിയുടെ മേൽ പഴി ചാരുന്ന മാതാപിതാക്കളും ഉണ്ട്. വിവാഹിതരായവർക്ക് മനപൂർവ്വം വിവാഹത്തിന് ശേഷം ദുരിത ജീവിതം സമ്മാനിക്കുന്ന വീട്ടുകാർ ഉണ്ട്. വിവാഹിതയായ പെൺകുട്ടി അവരോടൊപ്പം താമസിക്കുന്നത് ആണെങ്കിൽ പല തരത്തിൽ ഉള്ള പീഡനങ്ങളിൽ കൂടെ കടന്നു പോവും. വിവാഹം കഴിഞ്ഞ ഉടനെ ഇത്തരം അവസ്ഥകളെ എങ്ങനെ നേരിടണം എന്നത് പലപ്പോഴും നമ്മളുടെ പെൺകുട്ടികൾ അറിയാതെ പോവുന്നു. വിവാഹിതയാവുന്ന മുൻപ് വിവാഹശേഷം തനിക്ക് ലഭിക്കേണ്ട നിയമ പരിരക്ഷയെ കുറിച്ച് നമ്മളുടെ പെൺകുട്ടികളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ നടക്കണം. അതോടൊപ്പം ഇതൊക്കെ എല്ലാ വീട്ടിലും ഉണ്ടാവും , കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് ക്ഷമിച്ച് ജീവിക്കണം എന്ന് പറയുന്നത് വീട്ടുകാർ കൂടി നിർത്തണം . ഇതിനൊപ്പം സ്വന്തം ഭാര്യയെ വീട്ടുകാർ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിൽ അവളെ സംരക്ഷിക്കാൻ എന്ത് നടപടികൾ എടുക്കാനും ഭർത്താവും തയ്യാറാവണം. അറിഞ്ഞോ അറിയാതെയോ ഗാർഹിക പീഡനം കൊണ്ടുള്ള ആത്മഹത്യയ്ക്ക് നമ്മൾ ആരും പ്രേരണ ആവില്ല എന്നത് തീരുമാനിക്കാം. അത്രയും ദ്രോഹം സഹിച്ച് മടുത്ത് പോവുന്നത് കൊണ്ടാണ് നമ്മളുടെ പെൺകുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നത്. ഇതിനൊരു മാറ്റം വന്നേ തീരൂ..ഇത്തരം പോസ്റ്റുകൾ ലൈക്ക് ചെയ്താൽ പോലും ഉത്തരം പറയേണ്ടി വരുന്ന അവസ്ഥ ഉള്ളവരുണ്ട് എന്നതാണ് സത്യം.’