ഒരു മാസമൊന്നും ഇന്ദ്രനെ പിരിഞ്ഞിരിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല- പൂർണിമ

മലയാളികളുടെ പ്രിയ നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. വസ്ത്രവ്യാപാര മേഖലയിലും തിളങ്ങി നിൽക്കുകയാണ് താരം. ഇന്ദ്രജിത്ത് സുകുമാരനുമായുള്ള വിവാഹ ശേഷം പൂർണിമ അഭിനയ രംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെ രണ്ട് പെൺമക്കളാണ് താരദമ്പതികൾക്ക്. കഴിഞ്ഞ ദിവസമായിരുന്നു പൂർണിമയുടെ ജന്മദിനം ഭർത്താവും അമ്മായി അമ്മയും മക്കളുമടക്കം നിരവധിപ്പേരാണ് ആശംസകളുമായെത്തിയത്.

വിവാഹശേഷം താൻ എന്തുകൊണ്ട് സീരിയലിലേക്ക് മാറിയത് എന്ന് മുൻപ് ഒരു അഭിമുഖത്തിൽ പൂർണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ ജീവിതത്തിലെ ഓരോ ഘട്ടവും വളരെ ആസ്വദിച്ച് ജീവിയ്ക്കുന്ന ഒരാളാണ് ഞാൻ. പല സ്ഥലത്തും ഇന്ദ്രൻ ഇത് പറഞ്ഞിട്ടുണ്ട്, വളരെ ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞവരാണ് ഞങ്ങൾ. ആ സമയത്ത് അതൊരു മനോഹരമായ അനുഭവം ആയിരുന്നു. ഞങ്ങൾ ഒരുമിയ്ക്കുന്ന ആ ഒരു പ്രോസസിനെ വളരെ അധികം ആസ്വദിച്ചിരുന്നു. അത്രയധികം പ്രണയം ഉണ്ടായിരുന്നു.

അപ്പോഴുള്ള ആ ഒരു നിമിഷത്തിലാണ് ഞങ്ങൾ ജീവിയ്ക്കുന്നത്. അപ്പോൾ ഒന്നും സിനിമയിൽ നിന്ന് ഓഫറുകൾ വരുന്നില്ല എന്നതൊന്നും ഞങ്ങളെ സംബന്ധിച്ച് വിഷയമേ ആയിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് ഇരിയ്ക്കുക, സന്തോഷത്തോടെ ഇരിക്കുക എന്നത് മാത്രമായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഒരിക്കലും എനിക്കൊരു നഷ്ട ബോധം തോന്നിയിട്ടില്ല.

കുറച്ച് കാലം കഴിഞ്ഞപ്പോൾ ഇന്ദ്രന് ഷൂട്ടിങും കാര്യങ്ങളും ഒക്കെ വന്നു. അപ്പോഴാണ് ഞാൻ ടെലിവിഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മറ്റൊന്നും കൊണ്ട് അല്ല, സീരിയൽ ആവുമ്പോൾ ഒൻപത് മണി മുതൽ 5 മണി വരെയുള്ള സമയം മാത്രമേ ഷൂട്ട് ഉണ്ടാവുകയുള്ളൂ. സിനിമ എന്ന് പറയുമ്പോൾ വേറൊരു ലൊക്കേഷനാണ്. കുറേ ദിവസം മാറി നിൽക്കേണ്ടി വരും

ഞങ്ങൾ താമസിച്ചിരുന്നത് തിരുവനന്തപുരത്താണ്. സിനിമ ഷൂട്ടിങ് എല്ലാം വരുന്നത് കൊച്ചിയിലാണ്. സിനിമയ്ക്ക് വേണ്ടി മുപ്പത് ദിവസത്തോളം എല്ലാം മാറി നിൽക്കേണ്ടി വരും. അത്രയും ദിവസം ഇന്ദ്രനെ പിരിഞ്ഞിരിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. ഒരു റേഷൻ കാർഡ് കിട്ടിയിരുന്നെങ്കിൽ ഫ്രീ ആയി ഭക്ഷണം കിട്ടുമല്ലോ, പിരിഞ്ഞിരിക്കേണ്ടല്ലോ എന്നൊക്കെ ചിന്തിച്ച ആൾക്കാരാണ് ഞങ്ങൾ. അത്രയധികം അന്ധമായ പ്രണയമായിരുന്നു.

പക്ഷെ അന്ന് ടെലിവിഷൻ സീരിയലുകൾ ചെയ്തതു കൊണ്ട് എനിക്ക് ആളുകൾക്ക് ഇടയിൽ കൂടുതൽ പരിചിതയാകാൻ കഴിഞ്ഞു. അതൊരു ഭാഗ്യമാണ്. പതിനാറാം വയസ്സിൽ സീരിയലിൽ എത്തിയ ഞാൻ സിനിമയിൽ വന്നപ്പോഴും കല്യാണം കഴിഞ്ഞതിന് ശേഷവും, പാത്തുവിനെ ഗർഭിണിയായിരുന്നപ്പോഴും സീരിയൽ ചെയ്തിട്ടുണ്ട്. പാത്തുവിനെ ഏഴ് മാസം ഗർഭിണി ആയിരിക്കുന്നത് വരെ അഭിനയിച്ചു. ആ സ്‌നേഹം ഇപ്പോഴും ടെലിവിഷൻ പ്രേമികൾ എനിക്ക് നൽകുന്നുണ്ട്

പ്രണയിച്ച് വിവാഹിതരായവരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പെയ്‌തൊഴിയാതെ എന്ന പരമ്പരയ്ക്കിടയിലായാണ് ഇരുവരും പ്രണയത്തിലായത്. ഇന്ദ്രന് 22 വയസും തനിക്ക് 23 വയസുമായിരുന്നു അന്നത്തെ പ്രായമെന്ന് പൂര്‍ണിമ പറയുന്നു. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ പൂര്‍ണിമ അഭിനയ രംഗത്ത് മടങ്ങി എത്തി.