പറഞ്ഞു തുടങ്ങിയപ്പോഴേ കയ്യില്‍ നിന്നു പോയി, ആര്‍ക്കും ഒന്നും മനസിലായില്ല, അന്ന ബെന്‍ പറയുന്നു

മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് അന്ന ബെന്‍. തിരക്കഥകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ചുരുങ്ങി അഭിനയ ജീവിതത്തിനിടെ മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ നടി സ്വന്തമാക്കി. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേരെക്കുറിച്ച് തുറന്ന് പറയുകയാണ് അന്ന. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. തന്റെ അമ്മയെയും അച്ഛനെയും കുറിച്ചാണ് അന്ന പറഞ്ഞത്.

അന്ന ബെന്നിന്റെ വാക്കുകള്‍ ഇങ്ങനെ, സംസ്ഥാന പുരസ്‌കാര ചടങ്ങില്‍ ഞാന്‍ ഉടുത്തത് അമ്മമ്മയുടെ സാരിയാണ്. അച്ഛമ്മയുടെ ബ്രോച്ചായായിരുന്നു മുടിയില്‍ ചൂടിയത്. മനസു കൊണ്ട് ഞാനവരെ ഒപ്പം ചേര്‍ത്തു. പെണ്‍കുട്ടിയെന്ന നിലയില്‍ എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചതും മുന്നോട്ടു നയിച്ചതുമെല്ലാം അവരായിരുന്നു. അമ്മമ്മയും അച്ഛമ്മയമായി ഞാനത്രയ്ക്ക് അടുപ്പമാണ്. അമ്മമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. അച്ഛമ്മയ്ക്ക് തൊണ്ണൂറ്റിനാല് വയസായി. അവാര്‍ഡ് വിവരം പറഞ്ഞാലും ഉള്‍ക്കൊള്ളാനാകാത്ത രീതിയില്‍ മാറിക്കഴിഞ്ഞു. അവരുടെ കൂട്ടില്ലാതെ ജീവിതത്തിലൊരു നേട്ടവും കൈപ്പറ്റാനാകില്ല. കാരണം ഇരുവരും അത്രമേല്‍ എന്ന് സ്വാധീനിച്ചിട്ടുണ്ട്.

കേവലം കാഴ്ചക്കളും കഥകളും നിറച്ചു തരികയായിരുന്നില്ല അവര്‍. വ്യക്തമായ കാഴ്ചപ്പാടുകള്‍ പകര്‍ന്നു തരികയായിരുന്നു മനസിനെ പാകപ്പെടുത്താന്‍. ചിരിക്കാനും സ്നേഹിക്കാനും വിമര്‍ശിക്കാനും പ്രശംസിക്കാനുമെല്ലാം എന്നെ പഠിപ്പിച്ചു. വാക്കുകളിലൂടെ വിനയത്തിലേക്കിറങ്ങാന്‍ പരിശീലിപ്പിച്ചു. ഭാവി ചിട്ടപ്പെടുത്താനുള്ള പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും ലഭിച്ചു കൊണ്ടിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങി മൈക്കിനു മുന്നില്‍ നിന്നപ്പോള്‍ ഉദ്ദേശിച്ചതൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുപാട് ചിന്തകളായിരുന്നു ആ നേരം മനസില്‍. പ്രസംഗിച്ച് മുന്‍പരിചയമൊന്നുമില്ലല്ലോ. പറഞ്ഞു തുടങ്ങിയപ്പോഴേ കയ്യില്‍ നിന്നു പോയി. ആര്‍ക്കും ഒന്നും പൂര്‍ണമായി മനസിലായില്ല.

ഞാന്‍ കേള്‍ക്കുന്ന കഥകളില്‍ എനിക്ക് താല്‍പര്യം തോന്നുന്നവയെല്ലാം വീട്ടില്‍ ചര്‍ച്ചയ്ക്ക് വെക്കാറുണ്ട്. അമ്മയും അനിയത്തിയുമെല്ലാം അഭിപ്രായം പറയും. അനിയത്തി സൂസന്നയാണ് എന്റെ വലിയ വിമര്‍ശക. നല്ലതല്ലെങ്കില്‍ മുഖത്തടിച്ചത് പോലെ ഇഷ്ടമല്ലെന്ന് പറയും. അഭിനയിക്കുന്നത് എല്ലാം ശരിയാണ് എന്ന രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ ചേര്‍ന്ന് നിന്ന് അപാകതകള്‍ ചൂണ്ടിക്കാണിക്കാന്‍ ഒരാളുണ്ടാകുന്നത് നല്ലതാണ്. സൂസന്റെ വിമര്‍ശനം എനിക്ക് ഗുണം ചെയ്യാറുണ്ട്.

ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അഭിനയിക്കാനായി ലാലു അങ്കിള്‍ (സംവിധായകന്‍ ലാല്‍ ജോസ്) ക്ഷണിക്കുന്നത്. പപ്പയുടെ കൂടെ സിനിമാ സെറ്റില്‍ പോയ പരിചയമുണ്ടെങ്കിലും അഭിനയിക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ അന്ന് ധൈര്യപ്പെട്ടില്ല. ലാലു അങ്കിളിന്റെ ക്ഷണം വേണ്ടെന്നു വച്ചു. എന്നെത്തേടി വരുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രശ്നമാകില്ലേ എന്നെല്ലാമായിരുന്നു ചിന്തിച്ചത്. താല്‍പര്യമില്ലെങ്കില്‍ ഒഴിവാക്കാമെന്നും പഠിത്തം മുടക്കേണ്ട എന്നുമായിരുന്നു പപ്പയുടെ കമന്റ്. പപ്പ കൂടെയുണ്ട് എന്നതാണ് എന്റെ ഏറ്റവും വലിയ ധൈര്യം. തീരുമാനം എടുക്കാന്‍ പ്രയാസപ്പെടുമ്പോഴെല്ലാം പപ്പയുടെ അടുത്തേക്ക് ഞാനോടിച്ചെല്ലും.