കൂടെ നിന്ന ആള്‍ക്കാരുടെ പ്രവൃത്തികളാണ് ഏറ്റവും വിഷമിപ്പിച്ചത്, പുരോഗമനം ഒക്കെ പറച്ചിലില്‍ മാത്രം, അനുപമയും അഭിജിത്തും പറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ വലിയ വിവാദമായ സംഭവമായിരുന്നു ദത്ത് വിവാദം. പെറ്റമ്മയറിയാതെ കുടുംബം കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കി. എന്നാല്‍ പിന്നീട് കുഞ്ഞിന് വേണ്ടി പോരാടി അനുപമ എന്ന അമ്മ തന്റെ രക്തത്തെ തിരികെ പിടിച്ചു. ഡിഎന്‍എ പരിശോധന വരെ നടത്തിയാണ് കുഞ്ഞിനെ തിരികെ പിടിച്ചത്. അനുപമയുടെ നീണ്ട പോരാട്ടത്തില്‍ കേരളക്കര സാക്ഷ്യം വഹിച്ചു.

ഇപ്പോള്‍ അനുപമയുടെ ഒരു അഭിമുഖമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. അഭിമുഖത്തില്‍ സിപിഎമ്മിലെ സൈബര്‍ സഖാക്കളുടെ പ്രവര്‍ത്തന ശൈലിയും കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോഴുണ്ടായ വേദനയുമാണ് അനുപമ പങ്കുവെച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയം സൈബര്‍ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും പറയുന്നു.

ദത്ത് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ഇതേ സഖാക്കള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞു. സൈബര്‍ ആക്രമണത്തില്‍ ഏറ്റവും വേദനിച്ചത് കൂടെ നിന്ന ആള്‍ക്കാരുടെ പ്രവര്‍ത്തികളാണെന്നും അനുപമയും അഭിജിത്തും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി അവര്‍ നമ്മളെയും മോശം പറയുകയായിരുന്നു. ഒരു സമയത്ത് ഞങ്ങളും ഈ പാര്‍ട്ടി പേജുകളില്‍ ആക്ടീവ് ആയിരുന്നു. എന്നെക്കാളും കൂടുതല്‍ ആക്ടീവായിരുന്നു അജിത്തേട്ടന്‍. അതേ ആള്‍ക്കാരാണ് ഞങ്ങള്‍ക്കെതിരെ തിരിഞ്ഞത്. ദത്ത് വിവാദത്തില്‍ തന്റെ കുടുംബത്തെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. പുരോഗമനം എത്രയൊക്കെ പറഞ്ഞാലും അതൊക്കെ പറച്ചിലില്‍ മാത്രമേ ഉണ്ടാകൂ. ഞങ്ങളുടെ അനുഭവം അതാണ്.-അനുപമ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നപ്പോള്‍ അവര്‍ പറയുന്ന പുരോഗമനം ഒരുപാട് വിശ്വസിച്ചിട്ടുണ്ട്. അതിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വിട്ടിറങ്ങിയപ്പോഴാണ് അവരുടെ മനസിലിരിപ്പ് എന്താണെന്ന് വ്യക്തമായത്. പാര്‍ട്ടി കൂടെ നില്‍ക്കുന്നുണ്ടെന്ന് തോന്നിപ്പിച്ചാണ് അവഗണിച്ചത്. പാര്‍ട്ടി അനുപമയ്ക്കൊപ്പമാണ്, എന്നാല്‍ അടുത്ത ഡയലോഗ് അനുപമ കുഞ്ഞിനെ കളഞ്ഞതല്ലേ എന്നാണ്. പാര്‍ട്ടിയിലെ സൈബര്‍ സഖാക്കള്‍ അനുപമയ്ക്കെതിരാണെന്നും ഇരുവരും പറയുന്നു.

ഞങ്ങളെ പിന്തുണയ്ക്കാന്‍ ചില നേതാക്കള്‍ ഉണ്ടായിട്ടുണ്ട്. ശ്രീമതി ടീച്ചറൊക്കെ ഒരു പരിധി വരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എത്ര സ്ത്രീ സമത്വം, മുന്നേറ്റം എന്നൊക്കെ പറഞ്ഞാലും അതൊക്കെ പറച്ചലിലില്‍ മാത്രമേ ഉള്ളൂ. ബൃന്ദാ കരാട്ടൊക്കെ നല്ല രീതിയില്‍ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ പുരുഷമേധാവിത്വമാണ് ഇതിനൊക്കെ തടസം സൃഷ്ടിച്ചത്. കാരണം ബൃന്ദാ കരാട്ടിനെ പോലെയുള്ളവരുടെ വാക്കുകള്‍ അവഗണിക്കപ്പെടണമെങ്കില്‍ അതിന് കാരണം പുരുഷ മേധാവിത്വമായിരിക്കും.- അനുപമ പറഞ്ഞു.