ഔദ്യോഗികമായി നടനായി, അമ്മയിൽ അംഗത്വം എടുത്ത് ആന്റണി പെരുമ്പാവൂർ

മോഹൻലാലും ആന്റണി പെരുമ്പാവൂരുമായുള്ള ബന്ധം അറിയാത്തവരില്ല.. അത്രക്ക് നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. മോഹൻലാൽ എന്ന താരരാജാവിൻ്റ നിഴലായി ആൻ്റണി പെരുമ്പാവൂർ മാറിയിട്ട് അര പതിറ്റാണ്ടുകൾ പിന്നിട്ടു. ഡ്രൈവറായി തുടങ്ങിയ കരിയറിൽ നിന്ന് 25 മോഹൻലാൽ ചിത്രങ്ങളുടെ നിർമ്മാതാവാണ് ആൻ്റണി പെരുമ്പാവൂ‍‍ർ.

30 വ‍ർഷങ്ങൾക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് ഡ്രൈവറായി വന്നതാണ് ആൻ്റണി. 1987ൽ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിൽ ഡ്രൈവറായി എത്തിയതാണ് ആൻ്റണി. പിന്നീട് മോഹൻലാലിൻ്റെ സന്തന്ത സഹചാരിയായി. ബിസിനസിലും സിനിമയിലും വലംകൈയായി. നരസിംഹം, രാവണപ്രഭു, നരൻ, ദൃശ്യം, മരക്കാർ എന്നീ ചിത്രങ്ങളുടെ നി‍ർമ്മാതാവായി. തൊടുപുഴയിൽ ആരംഭിച്ച ആശീർവാദ് സിനിപ്ലക്സ് ആണ് ഇവരുടെ കൂട്ടുകെട്ടിൻ്റെ അവസാനത്തെ ഉദാഹരണം.

നിർമ്മാതാവ് എന്ന നിലയിൽ രണ്ട് ദേശീയ അവാർഡുകളും നാല് കേരള സംസ്ഥാന അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും ആന്റണി പെരുമ്പാവൂർ കരസ്ഥമാക്കിയിട്ടുണ്ട്. ദൃശ്യം 2 പോലുള്ള സിനിമകളിൽ മുഴുനീള കഥാപാത്രമായും അഭിനയിച്ച ആന്റണി ഇപ്പോൾ ഒരു നടൻ എന്ന നിലയിൽ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗത്വം എടുത്തിരിക്കുകയാണ്. ഞായറാഴ്ച കൊച്ചിയിൽ വെച്ച് നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി അമ്മ സംഘടനയിൽ അംഗത്വമെടുത്തത്.