വാതിൽ പൊളിച്ച് അകത്തുകയറി പോലീസ്, ഓടുപൊളിച്ച് കടക്കാൻ ശ്രമിച്ച് മുജീബ്, ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് : അനുകൊലക്കേസിലെ മുഖ്യപ്രതി മുജീബ് റഹ്‌മാനെ പോലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഞായറാഴ്ച രാത്രി കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടയുടനെ മുറിയിൽ കയറി വാതിലടച്ച ഇയാളെ വാതിൽ പൊളിച്ച് പിടികൂടുകയായിരുന്നു പോലീസ്.

മുജീബേ പുറത്തേക്ക് വാ. പോലീസാണെന്ന് പറഞ്ഞിട്ടും ഇയാൾ ഇറങ്ങി വരാൻ തയ്യാറായില്ല. ചുറ്റിനും ഞങ്ങളുണ്ടെന്നും എങ്ങോട്ടും ഓടാനാകില്ലെന്നും പോലീസ് പറയുന്നുണ്ട്. ഇതിനിടയിൽ ഓട് പൊളിച്ച് രക്ഷപ്പെടാനും മുജീബ് ശ്രമിച്ചു. ഓട് പൊളിച്ച് രക്ഷപ്പെടാൻ നോക്കുകയാണോയെന്നും പോലീസ് ചോദിക്കുന്നുണ്ട്.

വാതിൽ പൊളിക്കാനായി ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നതും വീഡിയോയിൽ കേൾക്കാം. വീട്ടിലുള്ള സ്ത്രീയും പോലീസ് ഉദ്യോഗസ്ഥരോട് വാതിൽ പൊളിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. വാതിൽ പൊളിച്ച് അകത്ത് കടന്ന ഉദ്യോഗസ്ഥരിൽ ഒരാളെ മുജീബ് ആക്രമിക്കുന്നുണ്ട്. തുടർന്ന് ബലപ്രയോഗത്തിലൂടെ മുജീബിനെ പേരമ്പ്ര പോലീസ് കീഴടക്കുകയായിരുന്നു.

അനു എന്ന യുവതിയെ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ വച്ച് കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങി. ഇതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊലപാതകം നടത്തിയ അതേ റോഡിലാണ് സംഭവദിവസം മുജീബ് പല തവണ കടന്നുപോയിട്ടുള്ളത്. മോഷണമായിരുന്നു അന്ന് മുജീബിന്‍റെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. മോഷണമോ പിടിച്ചുപറിയോ നടത്താനായിരിക്കണം ആളില്ലാത്ത ഇടറോഡ് പിടിച്ചതെന്നാണ് കരുതപ്പെടുന്നത്.

മട്ടന്നൂരിൽ നിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് മോഷ്ടിച്ച ബൈക്കിൽ വരുകയായിരുന്ന പ്രതി പ്രധാന റോഡിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇട റോഡിലേക്ക് കയറി. വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ- വാളൂർ അമ്പലം റോഡിൽ മൂന്ന് തവണ പ്രതി കറങ്ങി.

ഇതിനിടെയാണ് ധൃതിയിൽ നടന്നുവരുന്ന യുവതിയെ കണ്ടത്. യുവതിയെ ബൈക്കിൽ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങൾ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. അനുവിനെ കൊന്ന് തോട്ടില്‍ താഴ്ത്തി, ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ മുജീബ് ആകെ എടുത്തത് 10 മിനുറ്റ് മാത്രമാണ്. കൃത്യത്തിന് ശേഷം ഹെൽമെറ്റ് ധരിച്ച് പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക്‌ തിരിച്ചു. എടവണ്ണപ്പാറയിൽ എത്തുന്നതിനിടെ ഒരിക്കൽ പോലും ഹെൽമെറ്റ് ഊരിയില്ല.

മോഷണക്കേസിൽ ഇക്കഴിഞ്ഞ ജനുവരിയില്‍ ജയിലിൽ നിന്നും ഇറങ്ങിയ പ്രതി ഒറ്റയ്ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള ആളാണ്‌. ഈ രീതിയും സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത്‌ എത്തിയപ്പോൾ മൊബൈൽ ഫോൺ ഓണാക്കിയതുമാണ്‌ പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.