സന്തോഷവാനാണെന്നു വരുത്തി തീർത്തു, ജീവിതം മടുത്തെന്ന ഒറ്റ കുറിപ്പോടെ ആത്മഹത്യ ; ഡോക്ടറുടെ ആത്മഹത്യയിൽ കുറിപ്പുമായി ഡോ അനുജ ജോസഫ്

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇതിന് തലേന്നാൾ വരെ വളരെ സന്തോഷവാനായിരുന്ന
ഗണേഷ് കുമാർ പെട്ടന്നൊരു ദിവസം തനിക്ക് ജീവിതം മടുത്തുവെന്ന് കുറിപ്പെഴുതിവെച്ച് ജീവനൊടുക്കുകയായിരുന്നു. കേരളത്തിൽ ആത്മഹത്യയിൽ അഭയം തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ജീവനൊടുക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.

മനസിലെ പ്രയാസങ്ങൾ ഉള്ളിൽ ഒതുക്കുകയും, അതിന് പരിഹാരം ഇല്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് തെറ്റ്. മറ്റൊരാളുമായി പങ്കുവെച്ചാൽ പരിഹാരം കണ്ടെത്താനാകുന്ന പ്രശ്നങ്ങളാകാം ഒരുപക്ഷെ നിങ്ങൾക്ക് ഉണ്ടാകുക. മറ്റൊരാളുമായി നമ്മുടെ പ്രശ്നങ്ങൾ പങ്കുവെക്കാനുള്ള മനസാണ് നമുക്ക് വേണ്ടത്. ഇതേക്കുറിച്ച് ഡോ അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഈ അടുത്തു കേരളത്തിലെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ഡോക്ടറുടെ ആത്മഹത്യയെപ്പറ്റി ചർച്ച ചെയ്യുവായിരുന്നു. ഓരോ ദിവസവും നിരവധി പേർ ഈ ലോകത്തോട് വിട പറയുന്നു. ശെരിയാണ്‌, മേൽപ്പറഞ്ഞ സംഭവത്തിൽ തലേനാൾ വരെ തന്റെ ജീവിതത്തിൽ പൂർണസന്തോഷവാനാണെന്നു വരുത്തി തീർത്തു ഒരു ദിനം ഈ ജീവിതം മടുത്തെയെന്ന ഒറ്റ കുറിപ്പോടെ ജീവിതം അവസാനിപ്പിക്കുന്നു!

സത്യത്തിൽ 100%സന്തോഷത്തിൽ ആണോ ഓരോരുത്തരും ഈ ലോകത്തിൽ ജീവിതം മുന്നോട്ടു നയിക്കുന്നത്.
അല്ലായെന്നാണ് സത്യസന്ധമായ മറുപടി. വേദനിക്കാൻ 100കാരണങ്ങൾ ഉണ്ടേലും ഉള്ള സന്തോഷങ്ങളിൽ തൃപ്തരായി മുന്നോട്ടു പോകുന്നവരാണ് അധികവും. ഇന്നു തോന്നുന്ന മടുപ്പ്, സമാധാനക്കേട് ഇതിനൊക്കെ അൽപായുസ്സ്‌ മാത്രമേ ഉള്ളു എന്നു ചിന്തിക്കു, അതിനുമപ്പുറം ജീവിതത്തിൽ സന്തോഷം കടന്നു വരാനുണ്ടെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു നടക്കുക.

ജീവിതത്തിൽ അത്രത്തോളം തളർന്നു പോയെന്നു തോന്നുമ്പോൾ ഓരോളോടെങ്കിലും ആ വിഷയം പങ്കു വയ്ക്കുക.ഒരു പക്ഷെ നിങ്ങൾക്ക് solution കണ്ടെത്താൻ പറ്റാത്ത പ്രശ്‌നത്തിന് ഒരു പരിഹാരം തുടർന്നുണ്ടായേക്കാം. എനിക്കാരുമില്ല, ഞാൻ ഒറ്റയ്ക്ക് എന്നൊക്കെയുള്ള ചിന്തയ്ക്ക്, സുഹൃത്തേ ഈ ഭൂമിയിൽ വരുന്നതും പോകുന്നതും നാം ഒറ്റയ്ക്കാണ്. അതിനിടയിൽ നമ്മൾ കണ്ടുമുട്ടുന്ന മുഖങ്ങൾ, ബന്ധങ്ങൾ, അതാണി ജീവിതം.
ആരും ആർക്കും സ്വന്തമല്ലായെന്ന തിരിച്ചറിവാണ് ഇവിടെ ആവശ്യം.

ജീവൻ തിരിച്ചെടുക്കാൻ, ആയുസ്സ് തന്ന ഉടയതമ്പുരാനല്ലാതെ മറ്റാർക്കും അവകാശമില്ലെന്നതാണ് പ്രപഞ്ചസത്യം.
ബൈബിളിൽ, ആത്മഹത്യ ഒരുവനെ നിത്യനരകത്തിനു അവകാശിയാക്കി തീർക്കുമെന്നാണ് പറയുന്നത്.

ഞാനി അനുഭവിക്കുന്ന വേദനയിൽ നിന്നൊരു മോചനം എന്നൊക്കെ കരുതി ആത്മഹത്യ ചെയ്യുന്നതിന് മുൻപായി,
മരണശേഷവും തീരാവേദനയ്ക്ക് അവകാശിയായി തീരേണ്ടതുണ്ടോ? ആത്മഹത്യ കേവലം ശരീരത്തിൽ നിന്നും ഒരു മോചനം അത്രയുള്ളു, തുടർന്നു ആത്മാവിന്റെ മോചനമോ?
ചിന്തിക്കുക.