ഉദ്ഘാടനത്തിനെത്തിയ അനുപമ പരമേശ്വരന്റെ കാറിന്റെ വീല്‍ ഊരിമാറ്റി, പെരുവഴിയില്‍ കുടുങ്ങി നടി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടി പിന്നീട് മറ്റ് ഭാഷകളിലും തളങ്ങി. തെലുങ്ക് ചിത്രങ്ങളില്‍ മിന്നുകയാണ് താരം. അടുത്തിടെ ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിനായി പോയപ്പോള്‍ അനുപമയ്ക്ക് ഉണ്ടായ ദുരനുഭവമാണ് പുറത്തെത്തിയിരിക്കുന്നത്.

തിങ്കളാഴ്ച, തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കൊഡാഡയില്‍ പിപിആര്‍ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു. നാട്ടുകാരും ആരാധകരുമായി നിരവധി പേര്‍ അനുപമയെ കാണാന്‍ ഓടിക്കൂടി. മാള്‍ ഉദ്ഘാടനം ചെയ്ത ശേഷം അല്‍പ നേരം നടി മാധ്യമങ്ങളോട് സംവദിച്ചു. പരിപാടി കഴിഞ്ഞ് അനുപമ പോകുമ്പോള്‍ ചില ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ അവരുടെ അടുത്തേക്ക് തള്ളിക്കയറി എത്തി. കുറച്ചു നേരം കൂടി അവിടെ നില്‍ക്കാന്‍ ആരാധകര്‍ താരത്തോട് ആവശ്യപ്പെട്ടു.

എന്നാല്‍ സമയം വളരെ വൈകിയതിനാല്‍ അവര്‍ പോകാന്‍ തീരുമാനിച്ചു. ഇതിനിടയില്‍, കുറച്ചുനേരം അവിടെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ചില അക്രമികള്‍ അനുപമയുടെ കാറിന്റെ ടയറുകള്‍ ഊരിമാറ്റി. ആരാധകരുടെ ഈ ചെയ്തി കണ്ട് അനുപമ ഞെട്ടി. ഉടന്‍ ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന താരം ശരിക്കും പെരുവഴിയിലായി. എന്നാല്‍ ഉടന്‍ തന്നെ ഷോപ്പിങ് മാളിന്റെ മാനേജര്‍മാര്‍ അനുപമയ്ക്ക് മറ്റൊരു കാര്‍ ഏര്‍പ്പാട് ചെയ്ത് ഹൈദരാബാദിലേക്ക് അയച്ചു. ഇപ്പോള്‍ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഈ കയ്‌പേറിയ അനുഭവം അനുപമയെ വല്ലാതെ ഞെട്ടിച്ചുവത്രെ.