യഥാർത്ഥ നജീബ് ആത്മഹത്യ ചെയ്യാതിരുന്നത് ഇസ്‌ലാം ആയതുകൊണ്ട്- എ. ആർ റഹ്മാൻ

ബെന്യാമിൻ നജീബ് എന്ന വ്യക്തിയുടെ പ്രവാസ ജീവിതത്തിലെ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കി എഴുതിയ ‘ആടുജീവിതം’ എന്ന നോവൽ മലയാള സാഹിത്യത്തിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റുപോയ നോവലുകളിലൊന്നാണ്. മരുഭൂമിയിൽ നജീബ് അനുഭവിച്ച ജീവിത ദുരിതങ്ങൾ ഏതൊരു മനുഷ്യനെയും തകർത്തുകളയുന്നതാണ്. നോവലിനെ ആസ്പദമാക്കി, ബ്ലെസ്സി ആടുജീവിതം എന്ന സിനിമയൊരുങ്ങുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് മലയാളികൾ ചിത്രത്തെ നോക്കികാണുന്നത്. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ സിനിമ കൂടിയാണ് ആടുജീവിതം.

ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിൽ ഇത്രയും ദുരിതങ്ങൾ അനുഭവിച്ചിട്ടും, എന്തുകൊണ്ടാണ് നജീബ് ആത്മഹത്യ ചെയ്യാതിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എ. ആർ റഹ്മാൻ. ഒരു ഇസ്ലാം മത വിശ്വാസിയായതുകൊണ്ടാണ് നജീബ് ആത്മഹത്യ തിരഞ്ഞെടുക്കാതിരുന്നത് എന്നാണ് എ. ആർ റഹ്മാൻ പറയുന്നത്.

ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തിലാണ് എ. ആർ റഹ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്ലാമിൽ ആത്മഹത്യ പാപമാണെന്നും, ദൈവം നമ്മെ കൂടുതൽ ഇഷ്ടപ്പെടുന്നതിനനുസരിച്ച് അവൻ പരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും എ. ആർ റഹ്മാൻ പറയുന്നു.

വിശ്വാസം സങ്കീർണമായൊരു സംഗതിയാണ്. ഒരുഭാഗത്ത് വളരെ ലളിതവും ആളുകളെ മുന്നോട്ടുനടത്തുന്നതുമായ സംഗതിയാണ്. എന്നാൽ, അതിലൊരു വിരോധാഭാസം കൂടിയുണ്ട്. ദൈവം നമ്മെ കൂടുതൽ ഇഷ്ടപ്പെടുന്നതിനനുസരിച്ച് അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും. പ്രവാചകന്മാരുടെയും ഏതു മതങ്ങളുടെയും കാര്യം എടുത്തുനോക്കിയാൽ അങ്ങനെത്തന്നെയാണ്. വിശ്വാസികളെ അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും. അത് അവരെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും.

ആത്മഹത്യ ചെയ്താൽ നമ്മൾ ചെയ്ത ആരാധനകളും പ്രാർഥനകളും നന്മകളും നമ്മുടെ വിശ്വാസങ്ങളുമെല്ലാം റദ്ദായിപ്പോകുമെന്നാണു മതം പറയുന്നത്. ല തരത്തിൽ നമ്മളെല്ലാം നജീബിന്റേതു പോലുള്ള അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ഞാനും ഇതുപോലെയുള്ള സ്ഥിതിയിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, അതിൽനിന്നൊക്കെ നമ്മൾ പുറത്തുകടക്കും. എന്തെങ്കിലും പ്രശ്‌നങ്ങൾ വന്നാൽ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനാണ് ഞാൻ പറയാറ്. അടുത്ത ഘട്ടം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. അതൊരു വലിയ പാഠമായി മാറുകയും ചെയ്യും.” എന്നാണ് പൃഥ്വിരാജുമായുള്ള അഭിമുഖത്തിൽ എ. ആർ റഹ്മാൻ പറഞ്ഞത്.