അരിക്കൊമ്പന് വേണ്ടി ഭാഗ്യസൂക്ത പുഷ്പാഞ്ജലി, വഴിപാടും നേർച്ചകളുമായി മൃഗസ്നേഹികൾ

ഇടുക്കി : ചിന്നക്കനാലിൽ അരിക്കൊമ്പനെ ഭയന്നിരുന്നവർ മാത്രമല്ല ഉണ്ടായിരുന്നതെന്ന് ആനയെ മാറ്റുന്ന ദിവസം തന്നെ നമുക്ക് മനസിലായതാണ്. വികാര നിർഭരമായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിയ കാഴ്ചകൾ. തമിഴ്നാട്ടിൽ അരിക്കൊമ്പൻ നേരിടുന്ന പ്രശ്നങ്ങളെ തുടർന്ന് മൃഗസ്നേഹികൾ ആകെ ആശങ്കയിലായിരുന്നു. ഇപ്പോഴിതാ അരിക്കൊമ്പന് വേണ്ടി വഴിപാടുകൾ നടത്തുകയാണവർ.

കുമളി ശ്രീദുർഗ്ഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിൽ ഒരു മൃഗസ്‌നേഹി അരിക്കൊമ്പന്റെ പേരിൽ നടത്തിയ വഴിപാടുകളുടെ രസീതിന്റെ ചിത്രങ്ങൾ സമൂഹമദ്ധ്യമങ്ങളിൽ പ്രചരിച്ചിരിക്കുകയാണ്. ‘അരിക്കൊമ്പൻ- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതിൽ നൽകിയിരിക്കുന്നത്. അർച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങൾ.

ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തുള്ള മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിൽ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. കാട്ടാനയ്‌ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും ഒപ്പം നിക്കുകയായിരുന്നു.