പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടി

മലപ്പുറം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം കടത്ത് നടത്തിയ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. സിപിഎം പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൊണ്ടോട്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

മറ്റുള്ളവര്‍ കരിപ്പൂരില്‍ എത്തിക്കുന്ന സ്വര്‍ണം അര്‍ജുന്‍ ആയങ്കിയും സംഘവും തട്ടിയെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. കരിപ്പൂരില്‍ ഒരു മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് അര്‍ജുന്‍. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടത്തിയ സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തു.

രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയരുന്നത്. കേസില്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അര്‍ജുന് ആയങ്കി.