കോടതിയിൽ ഹാജരായില്ല, ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റു വാറണ്ട്

ഇടുക്കി. ധീരജ് വധക്കേസിൽ ഒന്നാം പ്രതി നിഖിൽ പൈലി കോടതിയിൽ ഹാജരാകാഞ്ഞതിനെത്തുടർന്ന് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ തീരുമാനിച്ച ദിവസം നിഖിൽ കോടതിയിൽ എത്താഞ്ഞതിനെത്തുടർന്നാണ് നടപടി. അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടണം എന്നാണ് പൊലീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്. കുറ്റപത്രം വായിക്കാനായി കേസ് ഒക്ടോബർ നാലിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഖിൽ പൈലി പങ്കെടുത്തതിൽ വൻവിമർശനം ഉയർന്നിരുന്നു. ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതക കേസിലെ ഒന്നാംപ്രതിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്നായിരുന്നു വിമർശനങ്ങളോടുളള നിഖിലിന്റെ പ്രതികരണം.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെപ്രചരണത്തിന് എത്തിയിത്ല‍ ഡിവൈഎഫ് ഐ പ്രതിഷേധിച്ചതിൽ മറുപടിയായി നിഖില്‍ പൈലിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു ”സഖാക്കളുടെ അറിവിലേക്ക്, വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയന്‍ ജയ്ക്ക് സീ തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വരാമെങ്കില്‍ എനിക്കും പങ്കെടുക്കാം.

ഞാനും കുറ്റാരോപിതന്‍ മാത്രമാണ്. കൊലക്കേസ് പ്രതികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെങ്കില്‍ പിണറായി വിജയനെയും എംഎം മണിയെയും പി ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരേ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് അവിടുത്തെ സ്ഥാനാര്‍ത്ഥി.”