ഓക്സിജൻ അധികമുണ്ടെങ്കിൽ ഡല്‍ഹിക്ക് നല്‍കൂ; മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി കെജ്‌രിവാള്‍

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആവശ്യത്തിലധികം മെഡിക്കൽ ഓക്സിജൻ ശേഖരമുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യർഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ചെറുതും വലുതുമായ ആശുപത്രികൾ തങ്ങളുടെ ഓക്സിജൻ ശേഖരം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കെജ്രിവാൾ കത്തെഴുതിയത്.

ഇക്കാര്യം അഭ്യർഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയതായി കെജ്രിവാൾ ട്വിറ്ററിൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത സ്ഥിതിയാണുള്ളതെന്നും കെജ്രിവാൾ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കടുത്ത ഓക്സിജൻ ക്ഷാമമാണ് ഡൽഹി നേരിടുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിലും വൻവർധനയാണ് ഡൽഹിയിലുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുപതിനായിരത്തിൽ അധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വെള്ളിയാഴ്ച 348 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.