അശ്വതിയുടെ കവിതയ്ക്ക് വിമര്‍ശനം, തക്ക മറുപടി കൊടുത്ത് താരം

മലയാളികളുടെ പ്രിയപ്പെട്ട ടിവി താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി തിളങ്ങിയ താരം ഇപ്പോള്‍ അഭിനയത്തിലാണ് സജീവം. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് അശ്വതി. ഒരു കവി കൂടിയാണ് താരം. ഇടയ്ക്ക് തന്റെ കവിതകള്‍ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ കവിതയ്ക്ക് താഴെ വിമര്‍ശനവുമായി എത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന വരത്തു പോക്ക് എന്ന് തന്റെ കവിതയുടെ സ്‌ക്രീന്‍ഗ്രാബ് അശ്വതി തന്റെ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് ഒരാള്‍ വിമര്‍ശനവുമായി എത്തിയത്. ‘പരസ്പര ബന്ധം ഇല്ലാത്ത കുറെ വാക്കുകള്‍ ചേര്‍ത്ത് കവിത എന്ന് പറഞ്ഞു മനുഷ്യനെ കൊല്ലാതെ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.വിമര്‍ശനവുമായി എത്തിയ ആള്‍ക്ക് അധികം വൈകാതെ നടി മറുപടി നല്‍കുകയും ചെയ്തു. ‘താങ്കള്‍ക്ക് മനസ്സിലായില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അത് ആര്‍ക്കും മനസ്സിലാവില്ല എന്നല്ല. മനസ്സിലായവരാകണമല്ലോ പ്രസിദ്ധീകരിച്ചതും’ എന്നായിരുന്നു വിമര്‍ശകന് അശ്വതി ശ്രീകാന്തിന്റെ മറുപടി. കമന്റിട്ടയാള്‍ക്ക് തക്ക മറുപടി നല്‍കിയ നടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ എത്തി. എന്നാല്‍ കവിതയെ വിമര്‍ശിച്ച ഒരാളോട് ഇത്തരം സമീപനമല്ല സ്വീകരിക്കേണ്ടതെന്നും മറ്റ് ചിലര്‍ കമന്റിട്ടു.