പ്രതികളുടെ സസ്‌പെൻഷൻ, മാതാപിതാക്കളുടെ നഷ്‌ടത്തിനു പകരമാകുന്നില്ല, അവരുടെ കണ്ണുനീരിന് എന്താണ് മറുപടി- ഡോ അനുജ ജോസഫ്

സമാനതകളില്ലാത്ത സംഭവമാണ് പൂക്കോട് വെറ്ററിനറി കോളേജിൽ സിദ്ധാർഥ് എന്ന ഇരുപതുകാരൻ നേരിട്ടത്. കസ്റ്റഡി കൊലപാതകങ്ങളിൽ നടക്കുന്നതിന് സമാനമായ സംഭവങ്ങളാണ് സർവകലാശാലയിലും ഹോസ്റ്റൽമുറിക്കുള്ളിലും നടന്നത്. സംഭവത്തിൽ പ്രതികൾക്കെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് ഡോ അനുജ ജോസഫ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ,

എഴു ദിവസത്തെ സസ്‌പെൻഷൻ കൊടുത്തതു കൊണ്ടോ, ഒരു വർഷം യൂണിവേഴ്സിറ്റി എക്സാം എഴുതിക്കാതിരിക്കുന്നത് കൊണ്ടോ ഒന്നും വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ കൊല്ലപ്പെട്ട സിദ്ധാർഥിന്റെ മാതാപിതാക്കളുടെ നഷ്‌ടത്തിനു പകരമാകുന്നില്ല. ഒരാളുടെ ജീവൻ കളഞ്ഞേച്ചിട്ടു വിദ്യാർത്ഥിസമൂഹത്തിനു തന്നെ അപമാനം ആയവർ ഈ നാടിനു ഇനി പഠിച്ചിട്ടു എന്തു നന്മ ചെയ്യാനാണ്. ആദ്യം ഒരു മനുഷ്യനാവണം, മൃഗഡോക്ടർ ആകാൻ പിന്നെ പഠിക്കു.

വൈരാഗ്യബുദ്ധിയോടെ സഹപാഠിയെ ബെൽറ്റ്‌ കൊണ്ടു അടിക്കുകയും,ക്രൂരമായി പരിക്കേൽപ്പിക്കുകയും ഒടുവിൽ അവന്റെ ജീവൻ പോലും നഷ്‌ടപ്പെടുത്തിയ രാക്ഷസജന്മങ്ങൾ.നീയൊക്കെ ഒരമ്മയുടെ വയറ്റിൽ പിറന്നത് തന്നാണോ? എന്റെ മോൻ മരണപ്പെടുന്നതിനു മൂന്നു ദിവസം മുൻപ് വരെ ആഹാരം കഴിച്ചിട്ടില്ല, അവനു വേണ്ടിയാ ഞാൻ അന്യനാട്ടിൽ കിടന്നു കഷ്‌ടപ്പെടുന്നതെന്നു ചങ്കു പൊട്ടി കരയുന്ന സിദ്ധാർഥിന്റെ പിതാവിന്റെ കണ്ണുനീരിനു മുന്നിൽ നമുക്ക് എന്തു മറുപടിയുണ്ട്.

നാളെ മകനൊരു നല്ല ഭാവി ഉണ്ടാകാൻ പറഞ്ഞയച്ചിട്ടു ചേതനയറ്റ ശരീരമായി അവൻ തിരിച്ചു വരാനായിരുന്നോ ആ പിതാവ് ആഗ്രഹിച്ചത്? Campus രാഷ്ട്രീയം ആവാം,മുൻപൊക്കെ അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദം ആയി നിലകൊണ്ടിരുന്ന രാഷ്ട്രീയ സംഘടനകൾ ഓരോ വിദ്യാർത്ഥിയുടെയും ഉന്നമനം സ്വപ്നം കണ്ടിരുന്നു. അനുയായികൾക്ക് നേരായ ദിശ കാണിച്ചു കൊടുക്കുന്ന നേതൃത്വം ഉണ്ടായിരുന്നു.

കേരള കാർഷിക സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥി എന്ന നിലയിൽ (അന്നത്തെ കാലഘട്ടത്തിൽ വെറ്റിനറി സർവ്വകലാശാല കാർഷിക സർവ്വകലാശാലയുടെ ഭാഗമായിരുന്നു ) രാഷ്ട്രീയ പ്പാർട്ടികൾ ക്യാമ്പസ്സിന്റെ ഉന്നമനത്തിനു അവിഭാജ്യ ഘടകം എന്ന ചിന്താഗതി ആയിരുന്നു കുറച്ചു നാളുകൾക്കു മുൻപ് വരെ എനിക്കു ഉണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ കലാലയങ്ങൾ സ്നേഹത്തിന്റെയും, സഹോദര്യ ത്തിന്റെയും സ്വപ്നങ്ങളുടെയും വർണ്ണലോകമല്ല എന്നു തെളിയിക്കുകയാണ് സിദ്ധാർഥിന്റെ കൊലപാതത്തിലൂടെ.

രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തനങ്ങൾ ഒരു കാലഘട്ടത്തിൽ ക്യാമ്പസുകളിൽ തരംഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. നീതി നിഷേധിക്കപ്പെടുന്ന ഇടങ്ങളിൽ ശക്തമായി നില കൊണ്ടിരുന്ന ഇത്തരം സംഘടനകളുടെ മുഖഛായ മാറിയതെങ്ങനെ എന്നു മനസിലാവുന്നില്ല. ഒരാളെ വെള്ളം പോലും കൊടുക്കാണ്ട് മൃഗീയമായി ഉപദ്രവിക്കുക,ഒടുവിൽ മരണം വരെ കൊണ്ടു ചെന്നെത്തിക്കുക. ഇതു എന്തു ideology? ഭയപ്പെടുത്തിയും ബലാത്കാരം ചെയ്തുമല്ല ഒരു സംഘടനയും മുന്നോട്ടു പോകേണ്ടുന്നത്. വിഭിന്നാഭിപ്രായങ്ങൾ മാനിക്കപ്പെടണം.

എങ്കിൽ മാത്രമേ ഏതു സമൂഹവും വളരു.സിദ്ധാർഥിന്റെ മരണത്തോടെ നിങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടോ കൊലപാതകികളെ? രണ്ടു ദിവസത്തെ അന്തിചർച്ചകൾക്കും വാർത്തകൾക്കും ഒടുവിൽ അവസാനിക്കപ്പെടേണ്ടതല്ല സിദ്ധാർഥ്. ഇനിയും എത്രയോ കാലം ഇവിടെ ജീവിക്കേണ്ട ഒരു യുവാവിനെ നിർദ്ദാകഷണ്യം ഇല്ലായ്മ ചെയ്ത, ആ കൊലപാതകത്തിന് ഉത്തരവാദികൾ ആയ ഒരാള് പോലും നിയമത്തിന്റെ പഴുതുകളിൽ നിന്നും രക്ഷപ്പെടരുത്. കൂട്ടത്തിൽ ക്യാമ്പസുകളിൽ തീരുമാനങ്ങൾ നടപ്പിലാക്കാതെ, കണ്ണടച്ചു നടക്കുന്ന അധികാരികളെയും ഈ സമൂഹം ആഗ്രഹിക്കുന്നില്ല.