അയോദ്ധ്യയില്‍ നിന്ന് പൂജിച്ച രാംലല്ലയുടെ അക്ഷതം ഏറ്റുവാങ്ങി കേരളത്തിന്റെ വാനമ്പാടി

ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി കേരളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. ജനുവരി 22 നു അയോധ്യയിൽ ശ്രീരാമനെ വരവേൽക്കാൻ ഒരുങ്ങുന്നതിന് മുന്പായി രാജ്യത്തെ വിശിഷ്ട വ്യക്തികളിലേക്ക് രാംലല്ലയുടെ അക്ഷതം എത്തിച്ച് ക്ഷണിക്കുകയാണ് രാമഭക്തർ. രാഷ്‌ട്രീയ സ്വയംസേവക്‌ സംഘം എറണാകുളം വിഭാഗ് സഹകാര്യവാഹ്‌ രാജേഷിൽ നിന്നുമാണ് ചിത്ര അക്ഷതം ഏറ്റുവാങ്ങിയത്. അക്ഷതവും ലഘുലേഖയും ക്ഷണ പത്രവും ചിത്രയ്‌ക്ക് കൈമാറി.

രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷയുമായ ഡോ. പി.ടി ഉഷയും അക്ഷതം ഏറ്റുവാങ്ങി. കൊയിലാണ്ടി ഖണ്ട്‌ സഹ സംഘചാലക് നാരായണൻ പുത്തലത്താണ് അക്ഷതവും ലഘുലേഖയും ക്ഷണ പത്രവും പിടി ഉഷ എംപിക്ക് കൈമാറിയത്.

ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങില്‍ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുവിനും മേല്‍ശാന്തി മഹേഷ് നമ്പൂതിരിക്കും അക്ഷതം നല്‍കി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിഎച്ച്പി സംസ്ഥാന ഗവേണിങ്ങ് കൗണ്‍സില്‍ അംഗങ്ങളായ ജോഷി പ്രഭാകര്‍, സതീഷ് അരുണാചലം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്പര്‍ക്ക യജ്ഞം ജനുവരി 15 വരെ കേരളത്തിലും നടക്കും.ഏകദേശം അന്‍പത് ലക്ഷം ഹിന്ദു ഭവനങ്ങളില്‍ അയോധ്യയില്‍ പൂജിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും ക്ഷേത്രചരിതം അടങ്ങുന്ന ലഘുലേഖയും വിതരണം ചെയ്യും.

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്നത് 51 ഇഞ്ച് ഉയരമുള്ള രാംലല്ലയുടെ വിഗ്രഹം . 5 വയസ്സുള്ള കുട്ടിയുടെ രൂപത്തിലായിരിക്കും രാം ലല്ലയെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി . വിഷ്ണുവിന്റെ അവതാരം പോലെ തോന്നിക്കുന്ന തരത്തിലാണ് വിഗ്രഹം. ശ്രീകോവിലിൽ താമരപ്പൂവിലാകും രാംലല്ലയുടെ പ്രതിഷ്ഠ . താമരപ്പൂവുൾപ്പെടെ ഏകദേശം 8 അടിയായിരിക്കും പ്രതിഷ്ഠയുടെ ഉയരം .

നീല കല്ലിൽ ശിൽപി യോഗിരാജ് നിർമിച്ച വിഗ്രഹമാണ് ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത് . .ശിൽപികളായ ഗണേഷ് ഭട്ട്, യോഗിരാജ്, സത്യനാരായൺ പാണ്ഡെ എന്നിവർ ചേർന്ന് നിർമ്മിച്ചതാണ് രാംലല്ലയുടെ മൂന്ന് വിഗ്രഹങ്ങൾ .സത്യനാരായണ പാണ്ഡെ വെളുത്ത മാർബിൾ കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ബാക്കിയുള്ള രണ്ട് വിഗ്രഹങ്ങൾ കർണാടകയിൽ നിന്നുള്ള നീലക്കല്ലിൽ ഉള്ളതാണ്. ദക്ഷിണേന്ത്യൻ ശൈലിയിലാണ് ഗണേഷ് ഭട്ടിന്റെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

രാംലല്ലയുടെ വിഗ്രഹം രൂപകൽപ്പന ചെയ്ത 37 കാരനായ അരുൺ യോഗിരാജ് 2008ൽ മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ശേഷം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു. ഇതിനുശേഷമാണ് അദ്ദേഹം വിഗ്രഹങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത് . കേദാർനാഥിൽ സ്ഥാപിച്ചിരിക്കുന്ന ശങ്കരാചാര്യരുടെ പ്രതിമ നിർമ്മിച്ചത് അദ്ദേഹമാണ്.