ബാലഭാസ്‌കർ കാർ അമിതവേഗത്തിലോടിച്ചത് അപകടത്തിന് കാരണം, ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈബാവർ അർജുൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ സമീപിച്ചു. ബാലഭാസ്‌കറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിങാണ് അപകടകാരണമെന്ന് അർജുൻ ട്രിബ്യൂണലിനെ അറിയിച്ചു. അതേസമയം, അർജുനാണ്‌ വാഹനം ഓടിച്ചിരുന്നത് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും അർജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. എന്നാൽ പിൻസീറ്റിലാണ് താനിരുന്നതെന്നാണ് അർജുന്റെ വാദം.

ചികിത്സ ചെലവും മറ്റു കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. ജീവിത മാർഗങ്ങളൊന്നുമില്ലെന്നും അർജുൻ തന്റെ ഹർജിയിൽ പറയുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരെയാണ് അർജുൻ എതിർ കക്ഷിയാക്കിയിട്ടുള്ളത്. അതേസമയം അപകടമുണ്ടായപ്പോൾ കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അർജുന് തലയ്ക്ക് പരിക്കേറ്റത് മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നാണ് ഫോറൻസിക് പരിശോധനാ ഫലം. ബാലഭാസ്‌കർ പിൻസിറ്റിൽ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറൻസിക് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അർജുനാണ് കാറോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും. വാഹനം ഓടിച്ചത് സംബന്ധിച്ച അർജുന്റെ വാദം കേസിലെ നിർണായക വഴിത്തിരിവാണ്. അതേസമയം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം ഇതിന്റെ പിന്നിലുണ്ടെന്നും മറുഭാഗം വാദിക്കുന്നു.