കോടതി വിധി ടീസര്‍ മാത്രം; തന്റെ വിശ്വാസ്യത തിരിച്ചുകിട്ടിയെന്ന് ബാലചന്ദ്രകുമാര്‍

ഇത് പ്രതീക്ഷിച്ചിരുന്ന വിധിയാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചു, അംഗീകരിച്ചു. തന്റെ വിശ്വാസ്യത തകർക്കാൻ എതിർകക്ഷികൾ ശ്രമിച്ചുവെന്നും വിധിയിലൂടെ തന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. (ദിലീപിന്റെ ഹർജി തള്ളിയ വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും ബാലചന്ദ്രകുമാർ അറിയിച്ചു. 27 ഓഡിയോ ക്ലിപ്പുകൾ നൽകിയിട്ടുണ്ട്.

ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പ് വരെ കൂട്ടത്തിലുണ്ട്. പുറത്തുവന്നതൊക്കെ ടീസർ മാത്രമാണെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിനിൽക്കെയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. സംവിധായകൻ നടത്തിയ വെളിപ്പെടുത്തലുകൾ കേസിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു.അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപിനെ ഒന്നാം പ്രതിയാക്കി പുതിയ കേസെടുത്തു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ജനുവരി 9നായിരുന്നു ക്രൈം ബ്രാഞ്ചിൻറെ ഈ ഇടപെടൽ. ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണ് പ്രതിപട്ടികയിൽ ഇടംപിടിച്ച മറ്റുള്ളവർ.