അഭിമാന നിമിഷം, എല്ലാവരും എഴുന്നേറ്റ് നിന്ന കൈയ്യടിച്ച് അവളെ സ്വാഗതം ചെയ്തു, ഭാവനയുടെ വരവിനെ കുറിച്ച് ഭാഗ്യലക്ഷ്മി

അഞ്ച് വര്‍ഷത്തിന് ശേഷം കേരളത്തില്‍ ഒരു പൊതു വേദിയില്‍ ഭാവന പ്രത്യക്ഷപ്പെട്ടത് ഇന്നലെയാണ്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിലാണ് ഭാവന എത്തിയത്. ഗംഭീര വരവേല്‍പാണ് ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവനയ്ക്ക് ലഭിച്ചത്. ഭാനയ്ക്ക് ലഭിച്ച ഊഷ്മളമായ ഈ സ്വീകരണം ഒരുപാട് സന്തോഷം ഉണ്ടാക്കുന്നതാണെന്ന് ആയിരുന്നു ഡബ്ബിംഗ് കലാകാരിയായ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ഭാഗ്യ ലക്ഷ്മി ഇത്തരത്തില്‍ പ്രതികരിച്ചത്.

ഓരോപടിയായിട്ട് മുന്നിലേക്ക് കയറി വരികയാണല്ലോ അവള്‍, വനിത ദിനത്തില്‍ ഒരു ശക്തമായ മെസ്സേജുമായി അവളെത്തി. അത് കഴിഞ്ഞ് അവളുടെ സിനിമ അനൗണ്‍സ് ചെയ്തു. ഇപ്പോഴിതാ ഒരു പൊതുചടങ്ങില്‍ വേദിയില്‍ വരുന്നു. ഇതേക്കുറിച്ച് ഞങ്ങള്‍ ഒരാഴ്ചയായി സംസാരിക്കുന്നുണ്ടായിരുന്നു. നിന്റെ ഈ വരവ് ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. നീ പോലും പ്രതീക്ഷിക്കാത്തത്ര ആള്‍ക്കാര്‍ സന്തോഷത്തോടെ നിന്നെ സ്വീകരിക്കുമെന്നുമായിരുന്നു ഞാന്‍ അവളോട് പറഞ്ഞത്.

അങ്ങനെയായിരിക്കുമല്ലേ ചേച്ചിയെന്നായിരുന്നു ഭാവന എന്നോട് ചോദിച്ചത്. അവളുടെ വരവില്‍ ഞങ്ങളത് നേരിട്ട് കണ്ടു. എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് അവളെ സ്വീകരിച്ചത്. എന്ത് സംഭവിച്ചാലും ശരി ഞാന്‍ അത് അതിജീവിക്കും. സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്തി നടക്കേണ്ടവള്‍ തന്നെയാണ് ഞാനെന്ന് അവള്‍ തെളിയിക്കുകയായിരുന്നു. ഒരുപാട് അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായിരുന്നു. ഭാവനയുടെ വരവിനെക്കുറിച്ച് അനൗണ്‍സ് ചെയ്തത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്താണ്. കെഎസ്എഫ്ഡിസി ചെയര്‍മാനായ ഷാജി എന്‍ കരുണായിരുന്നു ഭാവനയെ പൂവ് നല്‍കി സ്വീകരിച്ചത്. ഒരുപാടുപേര്‍ക്ക് റോള്‍ മോഡലാണെന്ന് മന്ത്രി പറഞ്ഞല്ലോ, അവളുടെ വരവ് കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണലായെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

ഭാവനയുടെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാള സിനിമയിലെ റോള്‍ മോഡലായാണ് ഭാവനയെ എല്ലാവരും വിശേഷിപ്പിച്ചത്. ഈ വരവ് ആഗ്രഹിച്ചത് തന്നെയായിരുന്നു എന്നാണ് ആരാധകര്‍ പറഞ്ഞത്. സെറ്റ് സാരിയണിഞ്ഞ് മുല്ലപ്പൂവും വെച്ചായിരുന്നു ഭാവന എത്തിയത്.