വെറുപ്പില്‍ നിന്ന് ഇഷ്ടത്തിലേക്ക്; ചാന്ത്‌പൊട്ടെന്നും ഒന്‍പതെന്നും വിളിച്ച ആരാധകര്‍ ഇന്ന് റിയാസിനൊപ്പം bigg boss malayalam

42 – മത് ദിവസം ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ഥി ആയിരുന്നു റിയാസ് സലിം. റിയാസിനെ മോഹന്‍ലാല്‍ വിളിക്കുന്ന സമയത്ത് തനിക്ക് ഇഷ്ടമല്ലാത്ത മത്സരാര്‍ഥി ആരെന്ന ചോദ്യത്തിന് ഡോ. റോബിന്‍ എന്ന ഉത്തരമാണ് റിയാസ് നല്‍കിയത്. വന്നപാടെ ബിഗ് ബോസ് വീട്ടില്‍ ഒരുപാട് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന റോബിനെ തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞത് മുതല്‍ റിയാസ് റോബിന്‍ ആരാധകരുടെയും മറ്റ് ചില പ്രേക്ഷകരുടെയും ശത്രുവായി മാറി.

 പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളില്‍ റിയാസ് റോബിനെതിരെ തിരിഞ്ഞതുകൊണ്ടും റോബിനെതിരെയുള്ള ഗെയിം പ്ലാനിങ് ആയതുകൊണ്ട് തന്നെ ശത്രുക്കള്‍ കൂടി കൂടി വന്നു. മോഹന്‍ലാലിന് മുന്നില്‍ റിയാസ് തന്നെ പരിചയപ്പെടുത്തിയ ആ എപ്പിസോഡ്. റിയാസിന്റെ ഗെയിം എന്താണെന്ന് പോലും അറിയുന്നതിന് മുന്‍പ് റിയാസിനെതിരെ ബോഡി ഷെമിങ്ങ് ഉള്‍പ്പെടെയുള്ള നിരവധി അനവധി കമന്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് കവിഞ്ഞു. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച്‌ റിയാസിനെ വേട്ടയാടാന്‍ സോഷ്യല്‍ മീഡിയ ആരംഭിച്ചു.

അങ്ങനെ ഒരു നാള്‍ റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കാനുള്ള കാരണമായി റിയാസ് മാറുന്നു. തങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിയെ പുറത്താക്കിയ റിയാസിനെതിരെ അങ്ങേയറ്റം രോഷമായ ഭാഷയില്‍ റോബിന്‍ ആരാധകര്‍ പ്രതികരിച്ചു. ബിഗ് ബോസ് പ്രേക്ഷകരും റിയാസിനെതിരെ തിരിഞ്ഞു. റിയാസിനെ പ്രതികാരമായി പുറത്താക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി റിയാസിനെ പുറത്താക്കാനുള്ള നടപടികള്‍ വരെ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു. എന്നാല്‍ ആദ്യം പ്ലാനിങ്ങില്‍ അത് വര്‍ക്ക് ആയില്ല. റിയാസിന് വെച്ച കെണി വീണത് അഖിലിന്.പിന്നീട് റിയാസ് തന്റെ നിലനില്‍പ്പ് മാത്രമല്ലാതെ താന്‍ എന്തിനാണ് ബിഗ് ബോസിലേക്ക് വന്നത് എന്നതിന് കൃത്യമായി ഐഡന്റിറ്റി ഉണ്ടാക്കാന്‍ ശ്രമിച്ചു.

താന്‍ വന്നിരിക്കുന്നത് ഒരു ലക്ഷ്യത്തിലേക്ക് ആണെന്നും അതിനായി ഇവിടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞ് തുടങ്ങി. റിയാസ് കളി തുടങ്ങി. ടാസ്കുകളില്‍ ഗംഭീരമായ പ്രകടനങ്ങള്‍. മോശം പറഞ്ഞവരെ കൊണ്ട് കയ്യടിപ്പിച്ചു. തെറി പറഞ്ഞവരെ കൊണ്ട് നല്ലത് പറയിപ്പിച്ചു. റിയാസിന് ഫാന്‍ ബേസ് കൂടി തുടങ്ങി. ആള്‍മാറാട്ടം ടാസ്കില്‍ ലക്ഷ്മിപ്രിയയെ പൊരിച്ചടുക്കി റിയാസ് മുന്നേറിയപ്പോള്‍ ആ വീക്ക്ലി ടാസ്കില്‍ മുഴങ്ങികേട്ടത് റിയാസ് എന്ന പേര് മാത്രം. റിയാസ് എന്ന ഗെയിമര്‍, റിയാസ് എന്ന എന്റര്‍ടെയിനര്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറി. ബിഗ് ബോസ് ഫിനാലെയിലേക്ക് റിയാസ് എത്തുമെന്ന് പലരും കണക്ക് കൂട്ടി തുടങ്ങി. മോശം പറഞ്ഞവരെക്കൊണ്ട് റിയാസ് കയ്യടിപ്പിക്കുമ്ബോള്‍ സമൂഹം എന്ന വലിയ കടലിലെ ഒരു തിരയെ മാറ്റിമറിക്കാന്‍ റിയാസിന് സാധിച്ചോ? സാധിച്ചെങ്കില്‍ റിയാസ് വിജയിച്ചോ?