നിനക്ക് നിന്നേക്കാള്‍ അറിയാവുന്ന എന്റെ ശബ്ദം കൊടുക്കൂ നമുക്ക് മിണ്ടാം, ഭാര്യയുടെ ഓര്‍മ്മയില്‍ ബിജിബാല്‍

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ബിജിബാല്‍. അദ്ദേഹം സംഗീതം ഒരുക്കിയ ഗാനങ്ങള്‍ മലയാളി ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. 2007ല്‍ അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് ബിജിബാല്‍ സിനിമ രംഗത്ത് എത്തുന്നത്. ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാലിന്റെ മരണം ആക്‌സ്മികമായിട്ടായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നു ശാന്തിയുടെ മരണം. ഇപ്പോള്‍ ശാന്തി ബിജിബാലിന്റെ ഓര്‍മകള്‍ പങ്കുവെച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബിജിബാല്‍. ‘നിനക്ക് നിന്നെക്കാള്‍ അറിയാവുന്ന എന്റെ ശബ്ദം കൊടുക്കൂ. നമുക്ക് മിണ്ടാം. എന്തും എപ്പോ വേണെങ്കിലും’- അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ജൂലൈയിലെ ഒരു തോരാപെരുമഴ ദിവസം തണുപ്പുള്ള വെളുപ്പാങ്കാലം കണ്ട സ്വപ്നം. പരിചിതമല്ലാത്ത ഏതോ നഗരത്തിലെ ഭംഗിയുള്ള ഒരു വാക്‌വേ. ചുവന്ന ഇലകള്‍, ചിലവ പഴുത്തു പകുതിയോളം മഞ്ഞ നിറമായവ, വീണ് കിടക്കുന്ന, വിജനമൂകമായ വാക്‌വേ. പതിവുപോലെയല്ലാതെ വാക്‌വേയില്‍ വഴിതടസപ്പെടുത്തി വട്ടമിട്ടു ഒരു സിമന്റ് ബെഞ്ചില്‍ ഒരുവന്‍. അവന്റെ ചിന്തയിലെന്ന പോലെ പഴയ ചിത്രകഥയെ ഓര്‍മിപ്പിച്ച് ഒരു സ്മൃതിവൃത്തത്തില്‍ അവള്‍ വന്നു ചോദിച്ചു. ‘സുഖാണോ’. ‘ഉം സുഖാണ്’. നിനക്കോ’.

അവള്‍ : ‘എനിക്ക് സുഖാണ്’. അവന്‍ : ‘എന്റെ സൗഖ്യം നീ അറിയാറുണ്ടോ’ അവള്‍ : ‘പിന്നെ അറിയാനെന്താ ബുദ്ധിമുട്ട്, കാണാല്ലോ, എന്നെ കാണാറുണ്ടോ?’ അവന്‍ : എങ്ങനെയൊക്കെയോ കാണാറുണ്ട്. പല രീതിയില്‍. ഒരു രീതിയിലല്ല പിന്നെ കാണുക. വൃത്തത്തില്‍ നിന്ന് ഊര്‍ന്ന് അവള്‍ അവന്റെ അടുത്ത് ബെഞ്ചില്‍ ഇരുന്നു. അവന്‍ നോക്കിയപ്പോള്‍ അവളുടെ മുഖം തൊട്ടടുത്ത്. ഏതോ Mobile Appല്‍ ഡിസൈന്‍ ചെയ്ത പോലെ പലനിറങ്ങളും രേഖകളും ആയി ഒരു ഡിജിറ്റല്‍ രൂപം ആയി അവനു തോന്നി. സ്വയം അങ്ങനെത്തന്നെയാണോ എന്ന് അവന്‍ ഓര്‍ത്തതുമില്ല. അവളുടെ കണ്ണിന്‍ കണ്ണാടിയില്‍ അവന്‍ എന്റെ മുഖം കണ്ടു. അവള്‍ : ‘സുന്ദരമായി കാണാന്‍ പറ്റും. നോക്കൂ, നമ്മള്‍ ഒരു പാട് മിണ്ടിയില്ലെ. ഒരുപാട് ആലോചനകള്‍ പങ്കുവച്ചില്ലേ. നമ്മുടെ ബോധം ആണത്. അവ പോകില്ല. ആകെയുള്ള ബോധമണ്ഡലത്തില്‍ എന്റേത് കൃത്യമായി നിന്റേതില്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അവയ്ക്ക് എന്റെ രൂപം കൊടുക്കു. നിനക്ക് നിന്നെക്കാള്‍ അറിയാവുന്ന എന്റെ ശബ്ദം കൊടുക്കൂ. നമുക്ക് മിണ്ടാം. എന്തും എപ്പോ വേണെങ്കിലും.’ ഞാന്‍ : ‘തിരിഞ്ഞു നോക്കുമ്‌ബോള്‍, ഞാന്‍ ചെയ്യുന്നത് അതുതന്നെ. നിന്റെ ശബ്ദം അതേപടി ഞാനെന്നില്‍ കേള്‍ക്കാറുണ്ട്. 7.1 മിഴിവില്‍.’ അവള്‍ : ‘ഹാപ്പി ആയിട്ടിരിക്കണേ.’ ഞാന്‍ : ‘ഉറപ്പായും. അതല്ലേ നീ എപ്പോഴും പറയാറ്.’

https://www.facebook.com/bijibal.maniyil/posts/10159637311269179