കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ല’; സി.പി.ഐ

തിരുവനന്തപുരം: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് സി.പി.ഐ. എം.പി. ബിനോയ് വിശ്വം. കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ബി.ജെ.പി.-ആര്‍.എസ്.എസ്. സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കു മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പറയുകയാണ്,കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍.എസ്.എസ്. സംഘടനകള്‍ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ തര്‍ക്കങ്ങളെല്ലാം ഇരിക്കത്തന്നെ ഞാന്‍ പറയുന്നു- കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കില്‍ നെഹ്‌റുവിനെ ഓര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍.

ദേശീയ നേതൃത്വം ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ചില പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലാവാന്‍ കഴിയില്ലെന്നും ഇടതുശക്തികള്‍ക്കാണ് അതിന് സാധിക്കുകയെന്നും പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ വലിയ ചര്‍ച്ച സി.പി.എമ്മില്‍ നടന്നിരുന്നു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന കരട് രാഷ്ട്രീയ പ്രമേയ രൂപവത്കരണ ചര്‍ച്ചയിലും സി.പി.എമ്മിനുള്ളില്‍ ഈ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടലെടുത്തിട്ടുണ്ട്.

ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനു പിന്നില്‍ സംഘടനാപരമായ ചില കാരണങ്ങള്‍ കൂടിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെ ബി ടീം ആയി സി.പി.ഐ. മാറിയെന്നൊരു വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ വളരെ ശക്തമാണ്.