പഞ്ചാബ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നു- എഎപി

ന്യൂഡല്‍ഹി. പഞ്ചാബിലെ എഎപി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍. എഎപിയില്‍ നിന്നും ബിജെപിയിലേക്ക് കൂറ് മാറ്റുവാന്‍ 10 എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുകവഴി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ നശിപ്പിക്കുവനാണ് ബിജെപി ശ്രമിക്കുന്നത്. തങ്ങളുടെ 10 എംഎല്‍എമാരെ ഈ ആവശ്യം പറഞ്ഞ് ബിജെപി ബന്ധപ്പെട്ടുവെന്ന് അരവിന്ദ് കേജ്രിവാള്‍ പറയുന്നു.

മുമ്പ് ഡല്‍ഹിയില്‍ എഎപി എംഎല്‍എമാരെ ബിജെപി പക്ഷത്തേക്ക് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതായി അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ശ്രമം പരാജയപ്പെട്ടതോടെ പഞ്ചാബിലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുവാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഡല്‍ഹിയിലേക്ക് വരുവാനും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ കാണാനും എഎപി എംഎല്‍എമാരോട് ബിജെപി ആവശ്യപ്പെട്ടെന്ന് പഞ്ചാബ് മന്ത്രി ഹര്‍പാല്‍ ചീമ ആരോപിച്ചു. പാര്‍ട്ടി മാറുവാന്‍ എംഎല്‍എ മാര്‍ക്ക് 20 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നും എഎപി വെളിപ്പെടുത്തുന്നു.

അതേസമയം ഡല്‍ഹി സര്‍ക്കാരിനെ താഴെ ഇറക്കുവാന്‍ ബിജെപി 800 കോടി മാറ്റിവെച്ചിരിക്കുന്നുവെന്ന് അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചിരുന്നു. 40 എംഎല്‍എമാരെ വിലക്കെടുക്കുവനാണ് ബിജെപി പദ്ധതികള്‍ തയ്യാറാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത്രയും അധികം പണം എവിടെ നിന്നാണ് വന്നതെന്നും ആരുടെ പണമാണെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എഎപി സര്‍ക്കാര്‍ നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുവാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

70 അംഗ നിയമസഭയാണ് ഡല്‍ഹിയില്‍ ഉള്ളത്. അതില്‍ 62 എംഎല്‍എമാര്‍ എഎപിയുടെതാണ്. ബിജെപിക്ക് ഏട്ട് അംഗങ്ങളാണ് ഉള്ളത്. വിവാദമായി മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ ഇഡിയും സിബിഐയും അന്വേഷണം നടത്തുന്നുണ്ട്.