ബിജെപി ദേശീയ അദ്ധ്യക്ഷൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തും

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ ഇന്ന് സംസ്ഥാനത്തത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ പാർട്ടി പ്രവർത്തകർ സ്വീകരിക്കും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാലജനസഭ 10.30 ന് കവടിയാര്‍ ഉദയ് പാലസില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ബൂത്ത് പ്രസിഡന്റ് ഇൻചാർജ് ഉപരി പ്രവർത്തകരാണ് വിശാല ജനസഭയിൽ പങ്കെടുക്കുന്നത്. തലസ്ഥാനത്ത് എത്തുന്ന അദ്ദേഹം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. പിന്നാലെ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. ഇതിന് ശേഷമാകും വിശാലജനസഭയിൽ പങ്കെടുക്കുക.

2014 ന് മുമ്പും ശേഷവും രാജ്യത്ത് വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്ന് രണ്ട് ദിവസം മുൻപ് ജെ പി നദ്ദ പറയുകയുണ്ടായി. 2014 ന് മുൻപ് ഇന്ത്യ അഴിമതി നിറഞ്ഞതായിരുന്നു. പക്ഷാഘാതം സംഭവിച്ചതിന് തുല്യമായിരുന്നു അന്ന് ഇന്ത്യയുടെ അവസ്ഥ. എങ്ങും അനിശ്ചിതത്വം നിറഞ്ഞിരുന്നു. ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്ന എല്ലാവിധത്തിലുമുള്ള കുംഭകോണങ്ങളും 2014ന് മുമ്പ് സംഭവിച്ചിരുന്നു.

ഇന്ത്യയുടെ രണ്ട് മുഖങ്ങളാണ് നമുക്കിന്ന് കാണാൻ സാധിക്കുക. കഴിഞ്ഞ ഒമ്പത് വർഷത്തിന് മുമ്പും ശേഷവും. ഇന്ത്യയെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അക്ഷീണ പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.