നാഗാലാന്‍ഡില്‍ ബിജെപി- എന്‍ഡിപിപി സഖ്യത്തിന് ഭരണത്തുടര്‍ച്ച; 43 സീറ്റില്‍ മുന്നില്‍

യൂഡല്‍ഹി. വന്‍ ഭൂരിപക്ഷം നേടി നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യം ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. സംസ്ഥാനത്തെ 60 സീറ്റുകളാണ് ഉള്ളത് ഇതില്‍ 43 എണ്ണത്തില്‍ എന്‍ഡിപിപി ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ എന്‍പിഎഫിന് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. കഴിഞ്ഞ തവണ 26 സീറ്റില്‍ വിജയിച്ച എന്‍പിഎഫ് ഇത്തവണ നാല് സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്.

പൂര്‍ണമായും വോട്ട് എണ്ണിതീര്‍ന്ന രണ്ട് സീറ്റില്‍ ബിജെപി വിജയിച്ചു. ഒരിടത്ത് എന്‍ഡിപിപിയും വിജയിച്ചു. അതേസമയം തിരഞ്ഞെടുപ്പില്‍ കൗതുകമാകുന്നത് ആദ്യമായി ഒരു വനിത സംസ്ഥാനത്ത് നിന്നും വിജയിക്കുമോ എന്ന കാര്യത്തിലാണ്. നാല് വനിതകളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇവരില്‍ സല്‍ഹൗതുവോനുവോ ക്രൂസ്, ഹെകാനി ജഖാലു എന്നിവര്‍ ലീഡ് ചെയ്യുന്നുണ്ട്.