ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഭുവനേശ്വർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനം വരുന്നതോടെ ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിലെ ബെഹ്‌റാംപൂരിൽ നടന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഒഡിഷയിൽ ആദ്യമായി ഡബിൾ എൻഞ്ചിൻ സർക്കാർ രൂപീകരിക്കാൻ പോവുകയാണെന്ന് നിങ്ങളുടെ ആവേശത്തിൽ നിന്ന് എനിക്ക് മനസിലാവുന്നു. സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപം കൊള്ളും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണം നൽകാനാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മേയ് 13-ാം തീയതിയാണ് ഒഡിഷയിൽ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

രണ്ട് യാഗങ്ങളാണ് ഒഡിഷയിൽ ഒരുമിച്ച് നടക്കുന്നത്. ഒന്ന് ഇന്ത്യയിലും മറ്റൊന്നും സംസ്ഥാനത്തും. ശക്തമായ രാജ്യത്തിനായി ഒരു സർക്കാർ രൂപീകരിക്കുമ്പോൾ മറ്റൊന്ന് ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സർക്കാർ സംസ്ഥാനത്തും രൂപീകരിക്കും. ”- പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 10ന് നടക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയെ ജനങ്ങൾക്ക് നന്നായി അറിയാം. ജനങ്ങൾക്ക് വെറും വാക്കുകൾ നൽകുന്നവരല്ല ബിജെപിയെന്നും നൽകിയ വാഗ്ദാനങ്ങൾ ഉറപ്പായി പാലിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.