എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം, നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം: കാലിക്കറ്റ് സർവകാലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടി. ഹൈക്കോടതിയെ സമീപിക്കാനാണ് ഗവർണറുടെ നീക്കം. ഗവർണർ നിയമിച്ച 9 സെനറ്റ് അംഗങ്ങളെ സംഘപരിവാർ ബന്ധം ആരോപിച്ച് എസ്എഫ്ഐ തടഞ്ഞിരുന്നു.

സംസ്ഥാനത്തിന്റെ ഭരണത്തലവനും സർവ്വകലാശാലകളുടെ ചാൻസലറുമായ വ്യക്തി തയ്യാറാക്കിയ പട്ടികയെ വെല്ലുവിളിച്ചു കൊണ്ടാണ് സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് എസ്എഫ്‌ഐ ആക്രമണത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെയാണ് ഗവർണർ ഹൈക്കോടതിയെ ഉൾപ്പെടെ സമീപിക്കാൻ ഒരുങ്ങുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണറെ തടഞ്ഞതുൾപ്പെടെയുള്ള സംഭവങ്ങളും കൂടി പരിഗണിച്ചാണ് രാജ്ഭവൻ നടപടികൾ വേഗത്തിലാക്കുന്നതെന്നാണ് റിപ്പോർട്ട്.

സർവകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ നടപടി. സെനറ്റ് യോഗത്തിനെത്തിയ സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികളെ പ്രവേശിപ്പിച്ചപ്പോൾ ഗവർണറുടെ ഒൻപതു നോമിനികളെ ഗേറ്റിന് പുറത്ത് എസ്എഫ്ഐ തടഞ്ഞു. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.