ഭരണങ്ങാനത്ത് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം. ഭരണങ്ങാനത്ത് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ 13 കാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഏകദേശം 25 കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. പടിഞ്ഞാറേ പൊരിയത്ത് അലക്‌സിന്റെ മകള്‍ ഹെലന്‍ അലക്‌സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മീനച്ചിലാറ്റില്‍ പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി കടവില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ വിട്ടുവരുന്ന വഴിയില്‍ രണ്ട് കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഹെലന്റെ ഒപ്പം ഉണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. അപ്പോഴേക്കും ഹെലനെ കാണാതാകുകയായിരുന്നു.