ബോഡി ഷെയ്മിങ്ങ്,മമ്മൂട്ടി മാതൃക കാട്ടി മാപ്പ് പറഞ്ഞു; മാപ്പ് പറയാതെ മഹാസംഭവം പോലെ സിപിഎം മന്ത്രി വാസവന്‍

തിരുവനന്തപുരം. സംവിധായകന്‍ ജൂ‍ഡ് ആന്‍റണിയെ ബോഡി ഷെയ്മിങ്ങ് നടത്തിയ നടന്‍ മമ്മൂട്ടി തെറ്റ് തിരിച്ചറിഞ്ഞതോടെ മാപ്പ് പറഞ്ഞ് മാതൃക കാട്ടി. എന്നാൽ നടന്‍ ഇന്ദ്രന്‍സിനെ ബോഡി ഷെയ്മിങ്ങ് നടത്തിയ സാംസ്കാരിക മന്ത്രിയായ സിപിഎമ്മിന്‍റെ വാസവന്‍ ഇത് വരെ മാപ്പ് പറയാൻ കൂട്ടാക്കിട്ടില്ല.

സംഭവത്തിൽ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും വാസവന്‍ മൗനം തുടരുകയാണ്. ‘2018’ എന്ന സിനിമയുടെ ട്രെയ് ലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്‍റണി’യെ പ്രകീർത്തിക്കുന്നതിനിടയിൽ മമ്മൂട്ടി അറിയാതെ ഒരു അബദ്ധം പറയുകയായിരുന്നു. സംവിധായകന്‍ ജൂഡ് ആന്‍റണിക്ക് തലയില്‍ മുടിയില്ലെങ്കിലും ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടി നടത്തിയ വിവാദ കമന്‍റ്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉണ്ടായതോടെ മമ്മൂട്ടി ക്ഷമാപണം നടത്തുകയായിരുന്നു. ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്നുള്ള ഉറപ്പും മമ്മൂട്ടി നല്കി.

അതേ സമയം അമിതാഭ് ബച്ചനെപ്പോലെ ഇരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെപ്പോലെയായി എന്ന വിമര്‍ശനമാണ് മന്ത്രി വാസവന്‍ ആക്ഷേപിച്ചത്. അതും നിയമസഭയില്‍ ആണ് ഇത് നടക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാരേഖകളില്‍ നിന്നും ഈ പ്രസ്താവന നീക്കം ചെയ്യുകയും ഉണ്ടായി. ഇന്ദ്രന്‍സ് എന്ന മഹാനടനെയാണ് വാസവൻ ആക്ഷേപിക്കുന്നത്. പിറകെ ഇന്ദ്രന്‍സ് തനിക്ക് ഇത്തരം വിമര്‍ശനങ്ങളിലൊന്നും ഒരു പരാതിയുമില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തി തന്റെ എളിമ തുറന്നു കാട്ടി. എന്നാല്‍ സാംസ്കാരിക മന്ത്രി പിന്നീട് അതേക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു.

സാംസ്കാരിക മന്ത്രി മാപ്പ് പറയണമെന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ആവശ്യം ഉയര്‍ന്നിരുന്നു. മമ്മൂട്ടിയുടെ ആരാധകര്‍ ഉള്‍പ്പെടെയാണ് താരത്തിന്‍റെ വാക്കുകളിലെ അബദ്ധം ചൂണ്ടിക്കാട്ടിയത്. ജനങ്ങളുടെ വിമര്‍ശനം ഏറ്റെടുത്ത് മാപ്പ് പറഞ്ഞ മമ്മൂട്ടി അവരുടെ അഭിലാഷങ്ങള്‍ക്കൊത്ത് ഉയരാന്‍ ശ്രമിക്കുന്ന തന്‍റെ വിശാലവ്യക്തിത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്. കേരളത്തിന്‍റെ സാംസ്കാരിക മന്ത്രിയെന്ന നിലയ്ക്ക് ഭാഷാപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അതിലെ അബദ്ധങ്ങളെക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ടാകേണ്ടതാണ്. അതില്‍ അബദ്ധം പിണഞ്ഞുവെന്ന് ജനം ചൂണ്ടിക്കാട്ടുമ്പോള്‍ അത് അംഗീകരിച്ച് മാപ്പ് പറയുമ്പോഴാണ് കൂടുതല്‍ ജനകീയനാവുക. എന്നാലിവിടെ താൻ ഇന്ദ്രൻസിന്റെ ഏഴയിലത്ത് എത്താൻ യോഗ്യനല്ലെന്നു സാംസ്കാരിക മന്ത്രി തെളിയിച്ചിരിക്കുകയാണ്.