കുങ്കുമംകൊണ്ട് ബോണി എന്നെഴുതിയ ശ്രീദേവിയുടെ പഴയ ചിത്രം പങ്കുവെച്ച് ബോണി കപൂർ

തമിഴ് നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ശ്രീദേവി ജനിച്ചത്. നാലാമത്തെ വയസുമുതൽ അഭിനയം തുടങ്ങി. 1967ൽ കന്ദൻ കരുണൈ” എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴ്നാടിന്റെ അതിർത്തികൾ കടന്ന് തെലുങ്ക, ബോളിവുഡ്, മലയാള സിനിമാ ലോകത്ത് സ്ഥിര സാന്നിധ്യമായി. നിരവധി ചിത്രങ്ങളിലഭിനയിച്ച് ശ്രീദേവിയുടെ വേർപാട് ചലച്ചിത്ര ലോകത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അമ്പത്തിയാറാെമത്തെ വയസ്സിൽ 2018 ഫെബ്രുവരി 24ന് ദുബായിലാണ് താരം അന്തരിച്ചത്.

1976ൽ പുറത്തിറങ്ങിയ മൂൻഡ്രു മുടിച്ചു എന്ന ചിത്രത്തിൽ രജനീകാന്ത്, കമൽഹാസൻ എന്നിവരൊടൊപ്പം ശ്രീദേവി അവതരിപ്പിച്ച കഥാപാത്രം സിനിമാ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. അതിനുശേഷം കമൽഹാസന്റെ നായികയായി ഒരുപാട് ചിത്രങ്ങൾ. ശ്രീദേവിയും ബോണി കപൂറും തമ്മിലുള്ള പ്രണയം ഒരു തുറന്ന പുസ്തകമായിരുന്നു. ബോണി കപൂർ നിർമ്മിച്ച മിസ്റ്റർ ഇന്ത്യ എന്ന ചിത്രത്തിന് ശേഷമാണ് ബോണി കപൂറും ശ്രീദേവിയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തെത്തുന്നത്. ഈ സമയം ബോണി കപൂർ വിവാഹിതനായിരുന്നു. മോന കപൂർ ആയിരുന്നു ആ സമയം ബോണി കപൂറിന്റെ ഭാര്യ.

ഇപ്പോളിതാ ശ്രീദേവി ഒപ്പമുണ്ടായിരുന്നപ്പോഴുള്ള മനോഹരനിമിഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ബോണി കപൂർ ശ്രീദേവിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. 2012ലെ ദുർഗാപൂജയ്ക്കിടയിലെ ചിത്രവും ബോണി കപൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിൻകഴുത്തിൽ ബോണി കപൂർ എന്നെഴുതിയ ശ്രീദേവിയെയാണ് ചിത്രത്തിൽ കാണുന്നത്. മുഖത്തും സീമന്തരേഖയിലും സിന്ദൂരം തൊട്ട് ചിരിച്ച മുഖത്തോടെയാണ് ശ്രീദേവി ചിത്രങ്ങൾക്കായി പോസ് ചെയ്തിട്ടുള്ളത്. ആ പുഞ്ചിരി ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ആരാധകർ പറഞ്ഞത്.