ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും രാത്രിയില്‍ ഒരുമിച്ച് നടന്നാലെന്താ…വീട്ടുകാര്‍ക്കില്ലാത്ത കഴപ്പ് നാട്ടുകാര്‍ക്കാണെന്ന് പെണ്‍കുട്ടി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ജന്മദിനാഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലെത്തിക്കാന്‍ പോയ മുസ്‌ലിമായ 17കാരന്‍ ‘ലവ് ജിഹാദ്’ നിയമപ്രകാരം അറസ്റ്റില്‍. യു.പിയിലെ ബിജ്‌നോറിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് 17കാരന്റെ വീടും. മാതാപിതാക്കള്‍ക്കും നാലു സഹോദരങ്ങള്‍ക്കുമൊപ്പം ഒറ്റമുറി വീട്ടിലാണ് 17കാരന്റെ താമസം. കൗമാരക്കാരനെതിരെ മതപരിവര്‍ത്തന നിരോധന നിയമം, പോക്‌സോ, എസ്.സി/എസ്.ടി നിയമം തുടങ്ങിയവയുടെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. ദലിത് പെണ്‍കുട്ടിയും മുന്‍ സഹപാഠിയായ കൗമാരക്കാരനും സുഹൃത്തിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരുവരെയും പിന്നീട് ഒരു സംഘം പിന്തുടര്‍ന്നു. 17കാരനെ മര്‍ദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന് തെളിഞ്ഞതോടെ ഇരുവരെയും പ്രദേശത്തെ പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. വിവാഹം കഴിക്കാനും മതപരിവര്‍ത്തനം ചെയ്യാനുമുള്ള ലക്ഷ്യത്തോടെ പെണ്‍കുട്ടിയെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചെന്ന പരാതിയുടെ പേരിലാണ് അറസ്‌റ്റെന്നും എഫ്.ഐ.ആറില്‍ പറയുന്നു.അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് പരാതി നിഷേധിച്ചു. പൊലീസിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രസ്താവന നടത്തിയതെന്നും പിതാവ് പറഞ്ഞു. ‘ഞാന്‍ എന്റെ മകളെ പൂര്‍ണമായും വിശ്വസിക്കുന്നു. അവള്‍ എന്തുതെറ്റാണ് ചെയ്തത്. എന്തിനാണ് അവളെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നത്. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരുമിച്ച് നടന്നാല്‍ അത് നിയമവിരുദ്ധമാകുമോ’ -പിതാവ് ചോദിച്ചു.

യുവാവ് ഇപ്പോള്‍ ബിജ്‌നോറിലെ ജയിലിലാണ്. യുവാവിന് 18 വയസായെന്നാണ് പൊലീസ് വാദം. അറസ്റ്റിലായ കൗമാരക്കാരന് 17 വയസ് മാത്രമാണ് പ്രയമെന്നും പ്രായം തെളിയിക്കുന്ന രേഖകള്‍ കൈയിലില്ലെന്നും കുടുംബം പറയുന്നു. 17കാരന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കൗമാരക്കാരന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കണം. പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന് ശേഷവും പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഉചിതമായ നടപടി ഇയാള്‍ക്കെതിരെ സ്വീകരിച്ചതെന്നും ധാംപുര്‍ സറ്റേഷന്‍ ഹൗസ് ഓഫിസ് അരുണ്‍ കുമാര്‍ പറഞ്ഞു.

‘ഞാന്‍ എന്റെ സുഹൃത്തിനൊപ്പം നടക്കുന്നതില്‍ ഒരു സംഘം പുരുഷന്‍മാര്‍ക്കായിരുന്നു പ്രശ്‌നം. അത് ഞാന്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ഇനിയും അതുതന്നെ പറയും. അവര്‍ എന്റെ വിഡിയോകള്‍ എടുത്തു. ഇപ്പോള്‍ ലവ്ജിഹാദെന്ന പേരില്‍ പ്രചരിപ്പിക്കുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ സ്വന്തം ഇഷ്ടത്തിനാണ് പോയത്’ -പെണ്‍കുട്ടി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മകനെ ഒന്നു കാണാന്‍ കഴിഞ്ഞാല്‍ മാത്രം മതിയെന്നും തെറ്റായ പരാതിയിലാണ് മകനെ കസ്റ്റഡിയിലെടുത്തതെന്നും കൗമാരക്കാരന്റെ മാതാവ് പറഞ്ഞു. മകന്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കാന്‍ യാതൊരു രേഖയും കൈവശമില്ലെന്നും മകനെതിരായ കേസില്‍ പോരാടാന്‍ പണം സ്വരൂപിക്കുകയാണെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.